Connect with us

Malappuram

ഭിന്നശേഷി പരിശീലന കേന്ദ്രങ്ങള്‍ക്ക് പൂട്ട് വീഴില്ല

Published

|

Last Updated

മലപ്പുറം: ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിശീലനവും സൗജന്യ ചികിത്സയും നല്‍കുന്നതിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നാല് കേന്ദ്രങ്ങളിലും തുടര്‍ന്നും അര്‍ഹരായവര്‍ക്ക് സേവനം ഉറപ്പാക്കും. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍ ആര്‍ എച്ച് എം) ന്റെ സാമ്പത്തിക സഹായത്തോടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) ലെ വിദഗ്ധരുടെ പരിശീലനവും ചികിത്സയുമാണ് കേന്ദ്രങ്ങളില്‍ നല്‍കിയിരുന്നത്. എന്നാല്‍ എന്‍ ആര്‍ എച്ച് എം ഫണ്ട് ലഭ്യമാകാത്തതിനെ തുടര്‍ന്ന് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. പി കെ ബശീര്‍ എം എല്‍ എയാണ് ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചത്. കേന്ദ്രങ്ങളുടെ തുടര്‍ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ഫണ്ട് അനുവദിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കേന്ദ്രങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ജില്ലാ പഞ്ചായത്തിന്റെ സന്നദ്ധതയും സര്‍ക്കാറിനെ അറിയിച്ചതായി കലക്ടര്‍ പറഞ്ഞു.
ഭിന്നശേഷിയുള്ള കുട്ടികള്‍ ധാരാളമുള്ള ജില്ലയില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഏറ്റെടുക്കേണ്ടത് കടമയായി കണക്കാക്കണമെന്നും ഈ വര്‍ഷത്തെ പദ്ധതികളില്‍ തന്നെ ഭേദഗതി വരുത്തി കേന്ദ്രങ്ങള്‍ ഏറ്റെടുക്കുന്നതിന് തയ്യാറാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അറിയിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനമുണ്ടാകുന്നതുവരെ കേന്ദ്രങ്ങള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മലപ്പുറം, എടവണ്ണ, തിരൂരങ്ങാടി, എടപ്പാള്‍ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പുറത്തൂര്‍ പഞ്ചായത്തിലെ അങ്കണവാടിയില്‍ നിന്നും വിരമിച്ച വര്‍ക്കര്‍ തുടര്‍ന്നും അങ്കണവാടിയിലെത്തി ജോലി തുടരുന്നത് തടയണമെന്നും അല്ലാത്തപക്ഷം മറ്റ് സ്ഥലങ്ങളിലും ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു. അതിക്രമിച്ച് കയറി ജോലി തടസപ്പെടുത്തുന്നതിന് കേസെടുക്കുന്നതിനായി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമനടപടി സ്വീകരിക്കാന്‍ സാമൂഹികനീതി ഓഫീസറോട് കലക്ടര്‍ നിര്‍ദേശിച്ചു.
ശുചിത്വ മിഷന്‍ മുഖേന പൊതു ശൗചാലയങ്ങള്‍, വ്യക്തിഗത ശൗചാലയങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന് അനുവദിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന പ്രൊജക്റ്റ് സമര്‍പ്പിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിനായി അര്‍ഹതയുള്ള സ്‌കൂളുകളെ ഉള്‍പ്പെടുത്തി നിര്‍ദേശം നല്‍കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും ആവശ്യപ്പെട്ടു.
യോഗത്തില്‍ എം എല്‍ എ മാരായ പി ഉബൈദുല്ല, എം ഉമ്മര്‍, ടി എ അഹമ്മദ് കബീര്‍, പി കെ ബശീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം അബ്ദുല്ലക്കുട്ടി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി കെ എ റസാഖ്, ഇ ടി മുഹമ്മദ് ബശീര്‍ എം പി. യുടെ പ്രതിനിധി അഷ്‌റഫ് കോഡൂര്‍, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രതിനിധി വി എ കരീം, മന്ത്രി അബ്ദുര്‍റബ്ബിന്റെ പ്രതിനിധി ഹനീഫ പുതുപ്പറമ്പ്, മന്ത്രി എ പി അനില്‍കുമാറിന്റെ പ്രതിനിധി കെ സി കുഞ്ഞിമുഹമ്മദ് സംസാരിച്ചു.