Connect with us

Gulf

ദാന ഫാത്വിമക്ക് വയസ് അഞ്ച്, വഴങ്ങുന്ന ഭാഷകളും അഞ്ച്!

Published

|

Last Updated

അബുദാബി: വയസ് അഞ്ച് ആയതേയുള്ളു ദാനാ ഫാത്വിമക്ക്. എന്നാല്‍, ഇവള്‍ അഞ്ച് ഭാഷ അനായാസം കൈകാര്യം ചെയ്യും. ശഹാമ അല്‍ ബസ്മ ബ്രിട്ടീഷ് സ്‌കൂളില്‍ കെ ജി ടുവില്‍ പഠിക്കുന്ന ദാന അബുദാബി ഉമ്മുല്‍ നാറിലെ ഒയാസിസ് കാര്‍ വാഷ് സ്ഥാപനങ്ങളുടെ ഉടമ പത്തനാപുരം സ്വദേശി ഷാജഹാന്റെയും ഫിലിപ്പൈന്‍ കാരി ഫാത്വിമയുടെയും മൂത്തമകളാണ്.

തഗലോഗ്, മലയാളം, ഇംഗ്ലീഷ്, അറബി, ഹിന്ദി എന്നീ ഭാഷകള്‍ ലളിതമായാണ് ദാന കൈകാര്യം ചെയ്യുന്നത്. ഉപ്പായില്‍ നിന്നും മലയാളവും ഉമ്മയില്‍ നിന്ന് തഗലോഗും പഠിച്ചപ്പോള്‍ ഹിന്ദിയും അറബിയും ഉപ്പാന്റെ കൂടെ ജോലി സ്ഥലത്തെ സുഹൃത്തുക്കളും തൊഴിലാളികളുമായും ഇടപഴകലുകളിലൂടെയുമാണ് പഠിച്ചത്. ഇംഗ്ലീഷ്, സ്‌കൂളില്‍ നിന്നും സ്വായത്തമാക്കി. വലിപ്പച്ചെറുപ്പമൊന്നുമില്ലാതെ ആരുമായും പെട്ടെന്ന് സൗഹൃദം സ്ഥാപിക്കുന്ന ദാന, ഏതൊരു കാര്യവും പെട്ടെന്ന് പഠിച്ചെടുക്കും. ദാന മൂന്ന് വയസ്സില്‍ തന്നെ സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് ഉപ്പ ഷാജഹാന്‍ പറയുന്നു. വീട്ടിലെ മിണ്ടാപ്രാണികളോടും പക്ഷി മൃഗാദികളോടും ചങ്ങാത്തം കൂടാനും ചെറുപ്പം മുതലേ ദാനക്ക് പ്രത്യേകം കഴിവുണ്ടായിരുന്നുവെന്ന് ഷാജഹാന്‍ വ്യക്തമാക്കി.
വിവര സാങ്കേതിക വിദ്യയിലും മകള്‍ മികവ് പ്രകടിപ്പിക്കുന്നതായി ഉമ്മ ഫാത്വിമ പറയുന്നു. മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടും.
ഉപ്പാന്റെ, സ്വദേശികളും വിദേശികളുമായ എല്ലാ സുഹൃത്തുക്കളും ദാനക്കും സുഹൃത്തുക്കളാണ്, അറബി സംസാരിക്കുന്നതിലുള്ള ദാനയുടെ കഴിവ് കണ്ട് സ്വദേശികള്‍ പോലും അല്‍ഭുതപ്പെട്ടിട്ടുണ്ടെന്ന് ഷാജഹാന്‍. അനുജന്‍ മുഹമ്മദ് സാറും ദാനയുടെ വഴിയിലാണുള്ളത്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി