Connect with us

Kerala

ജസ്റ്റിസ് പി സദാശിവം കേരളാ ഗവര്‍ണറായി ചുമതലയേറ്റു

Published

|

Last Updated

തിരുവനന്തപുരം: കേരള ഗവര്‍ണറായി ജസ്റ്റിസ് പി സദാശിവം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ ഒമ്പത് മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യമായാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആള്‍ ഗവര്‍ണറാകുന്നത്. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷ പ്രതിനിധികള്‍ പങ്കെടുത്തില്ല.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ തലസ്ഥാനത്തെത്തിയ സദാശിവത്തിന് വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ വരവേല്‍പ്പ് നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, മേയര്‍ അഡ്വ. കെ ചന്ദ്രിക, ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍, സംസ്ഥാന പോലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യം തുടങ്ങിയവര്‍ നിയുക്ത ഗവര്‍ണറെ സ്വീകരിക്കാനെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാറും നിയമവൃത്തങ്ങളും ഉയര്‍ത്തിയ എതിര്‍പ്പ് മറികടന്നാണ് മുന്‍ ചീഫ് ജസ്റ്റിസായ പി സദാശിവത്തെ ഗവര്‍ണറായി നിയമിച്ചത്.രാജിവെച്ച ഗവര്‍ണര്‍ ഷീലാ ദീക്ഷിത്ത് ഇന്നലെ രാവിലെ ഡല്‍ഹിക്ക് മടങ്ങി. വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ പോലീസ് സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി യാത്രയയച്ചു. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തിയ ഷീലാ ദീക്ഷിത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, മന്ത്രിമാര്‍, മേയര്‍ കെ ചന്ദ്രിക തുടങ്ങിയവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു. സര്‍ക്കാറിന്റെ സ്‌നേഹോപഹാരമായി അലങ്കാര വിളക്കും ഷീലാ ദീക്ഷിതിന് സമ്മാനിച്ചു.