നാറ്റോ അംഗത്വത്തിന് ഉക്രൈന്‍

Posted on: August 30, 2014 12:30 am | Last updated: August 29, 2014 at 10:31 pm

കീവ്: ഉക്രൈന്‍, നാറ്റോ അംഗത്വം തേടുകയാണെന്ന് പ്രധാനമന്ത്രി അര്‍സിനി യാറ്റ്‌സെന്‍യുക്. രാജ്യത്തിന് ഔദ്യോഗികമായി സഖ്യമില്ല എന്ന നയം അവസാനിപ്പിക്കാനായി പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈനിന്റെ ഒരു സഖ്യത്തിലുമില്ല എന്ന തത്സ്ഥിതി റദ്ദാക്കാനായി അവതരിപ്പിക്കുന്ന ബില്‍ പാര്‍ലിമെന്റില്‍ പാസായാല്‍ ഏതെങ്കിലുമൊരു സാമ്പത്തിക, രാഷ്ട്രീയ സഖ്യത്തിലോ അല്ലെങ്കില്‍ യൂനിയനിലോ അംഗത്വമെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
യൂറോപ്യന്‍ യൂനിയനില്‍ ചേരുന്നത് സംബന്ധിച്ചും അന്തിമ തീരുമാനമെടുക്കാനാകും. പടിഞ്ഞാറന്‍ ഉക്രൈനില്‍ റഷ്യയുടെ ആയിരത്തോളം സൈനികര്‍ വിമതര്‍ക്ക് സഹായവുമായി പോരാടുന്നുണ്ടെന്ന് നാറ്റോ അംബാസഡര്‍മാര്‍ യോഗത്തിന് ശേഷം പറഞ്ഞു. വിമതര്‍ക്കെതിരെ പോരാടുന്നതിന് നാറ്റോയുടെ പ്രായോഗിക സഹായം വേണമെന്ന് യാറ്റ്‌സെന്‍യുക് ഈ ആഴ്ച ആദ്യം ആവശ്യപ്പെട്ടിരുന്നു.