Connect with us

Palakkad

തെക്കേ ദേശം വില്ലേജ് ഓഫീസ് ചോര്‍ന്നൊലിക്കുന്നു

Published

|

Last Updated

ചിറ്റൂര്‍:തെക്കേദേശം വില്ലേജ് ഓഫിസ് ചോര്‍ന്നൊലിക്കുന്നു. ഫയലുകള്‍ ചോര്‍ന്നൊലിച്ചും ചിതലരിച്ചും നശിച്ചിട്ടും അധികൃതര്‍ക്കു മാത്രം അനക്കമില്ല.
പാറക്കാലില്‍ 75 വര്‍ഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫിസ് ഏതുസമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. മഴ പെയ്താല്‍ ഓഫിസിനകത്ത് നില്‍ക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണെന്ന് അധികൃതര്‍ പറഞ്ഞു.—
—കെട്ടിടം ചോര്‍ന്ന് വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടായി ആകെ ഉണ്ടായിരുന്ന ഒരു കംപ്യൂട്ടര്‍ നശിച്ചിരുന്നു. കെട്ടിടത്തില്‍ ആകെ രണ്ടു മുറികളാണുള്ളത്. ഒരു മുറിയില്‍ വില്ലേജ് ഓഫിസര്‍ അടക്കമുള്ള ആറു ജീവനക്കാരും രണ്ടാമത്തെ മുറിയില്‍ പുസ്തകങ്ങളും റജിസ്റ്ററുകളും സൂക്ഷിച്ചിരിക്കുകയുമാണ്.
എന്നാല്‍ ഏകദേശം ആറുവര്‍ഷം മുന്‍പു വരെയുള്ള റജിസ്റ്ററുകളും രസീത് പുസ്തകങ്ങളും ചിതലെടുത്തും മഴവെള്ളം ചോര്‍ന്നും നശിച്ചുആകെയുള്ള രണ്ട് അലമാരയ്ക്കകത്താണ് മറ്റു പ്രധാനപ്പെട്ട രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത്. ജനല്‍പാളികള്‍ ചിതലരിച്ചു നശിച്ചതിനാല്‍ തുണി ഉപയോഗിച്ചു മറച്ചിരിക്കുകയാണ്.
തുടക്കത്തില്‍ ഗ്രാമീണ വായനശാലയായിരുന്ന കെട്ടിടം നാട്ടുകാര്‍ സര്‍ക്കാരിനു കൈമാറുകയായിരുന്നു. മുന്‍പ് ചിറ്റൂരില്‍ സ്ഥിതിചെയ്തിരുന്ന ഓഫിസ് 28 വര്‍ഷം മുന്‍പാണ് പാറക്കാലിലേക്കു മാറ്റിയത്.
എന്നാല്‍ ഈ കാലയളവിനിടയില്‍ ഒരിക്കല്‍ മാത്രമാണ് കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്തിയത്. ഒരു വനിതാ ജീവനക്കാരിയടക്കം ആറുപേരുള്ള ഓഫിസില്‍ അടിസ്ഥാന
സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല.
ജീവനക്കാര്‍ പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റാന്‍ സമീപത്തെ വീടിനെയാണ് ആശ്രയിക്കുന്നത്. രണ്ടേകാല്‍ സെന്റ് സ്ഥലത്തു സ്ഥിതിചെയുന്ന കെട്ടിടത്തില്‍ ജീവനക്കാര്‍ ഇരിക്കുന്നതുതന്നെ ഒതുങ്ങിക്കൂടിയാണ്. ആവശ്യങ്ങളുമായി വരുന്ന ജനങ്ങള്‍ എത്ര സമയമായാലും നിന്നുതന്നെ കാര്യം സാധിക്കേണ്ട അവസ്ഥയാണുള്ളത്.
ഓഫിസിനു ചുറ്റുമതില്‍ സ്ഥാപിച്ചിരുന്നെങ്കിലും ആറുമാസം മാത്രമായിരുന്നു അതിന്റെ ആയുസ്.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പലതവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.——