ബസില്‍ വിദ്യാര്‍ഥികളെ കയറ്റിയില്ല: തൊഴിലാളികളും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം

Posted on: August 23, 2014 12:04 pm | Last updated: August 23, 2014 at 12:04 pm

വേങ്ങര: സ്‌കൂള്‍ പരിസരത്ത് സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോകുന്നത് പതിവാകുന്നത്. ഇതിനെചൊല്ലി ബസ് ജീവനക്കാരും സ്‌കൂള്‍ കുട്ടികളും തമ്മില്‍ സംഘര്‍ഷം.
വേങ്ങര ബോയ്‌സ് ഹൈസ്‌കൂളിന് മുന്നിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംഘര്‍ഷമുണ്ടായത്. സ്‌കൂളിന് മുന്നില്‍ ബസുകള്‍ നിര്‍ത്താതെ പോകല്‍ പതിവായതിനാല്‍ വ്യാഴാഴ്ച വിദ്യാര്‍ഥികള്‍ മലപ്പുറം-പരപ്പനങ്ങാടി റോഡിലോടുങ്ങുന്ന ഒടുങ്ങാട്ട് ബസ് തടഞ്ഞ് നിര്‍ത്തുകയും ഇതേ ചൊല്ലി ബസ് ജീവനക്കാരും സ്‌കൂള്‍ കുട്ടികളും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു. ഈ ബസില്‍ വ്യാഴാഴ്ചയുണ്ടായിരുന്ന ഡ്രൈവര്‍ ഇന്നലെ ബസിന് പുറകെ മറ്റൊരു വാഹനത്തില്‍ വന്ന് വിദ്യാര്‍ഥികളുമായി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. ആദ്യ ദിവസം തന്നെ സംഭവം സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചെങ്കിലും പോലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുണ്ട്.
ഇന്നലെ രണ്ടാമതും സംഘര്‍ഷമുണ്ടായതോടെ പ്രധാനാധ്യാപകനും പി ടി എ പ്രസിഡന്റും വീണ്ടും പോലീസില്‍ പരാതിപ്പെട്ടിരുന്നു. ശേഷമാണ് പോലീസ് സ്ഥലത്തെത്തി എല്ലാ ബസുകാരെയും താക്കീത് ചെയ്തത്. അതേ സമയം ആവശ്യമായ പോലീസ് വേങ്ങര സ്റ്റേഷനില്‍ ലഭ്യമാകാത്തതാണ് യഥാസമയം നടപടികളെടുക്കാനാകാത്ത അവസ്ഥക്ക് കാരണമെന്ന് വേങ്ങര പോലീസ് അറിയിച്ചു.
തിങ്കളാഴ്ച ബസ് ജീവനക്കാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ടുണ്ട്.