Connect with us

Ongoing News

ആശുപത്രികള്‍ വൃത്തിയാക്കാന്‍ ക്ലീന്‍ ഗ്രീന്‍ ഹോസ്പിറ്റല്‍സ് പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാറാശുപത്രികള്‍ വൃത്തിയായി പരിപാലിക്കുന്നതിനും പരിസരം ഹരിതാഭമാക്കുന്നതിനും വേണ്ടി പദ്ധതി നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ തീരുമാനം. ക്ലീന്‍ ഹോസ്പിറ്റല്‍സ് & ഗ്രീന്‍ ഹോസ്പിറ്റല്‍സ് എന്ന പേരിട്ട പദ്ധതി ഒക്‌ടോബര്‍ രണ്ട് മുതലാണ് നടപ്പാക്കുകയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ വിഷയങ്ങള്‍ യോഗം വിലയിരുത്തി. ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന സൂകൃതം പദ്ധതിയും ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങാന്‍ തീരുമാനമായി. എബോള വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് ആരെങ്കിലും സംസ്ഥാനത്ത് എത്താനിടയുള്ള സാഹചര്യം കണക്കിലെടുത്ത് നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സേഫ് കേരള- പകര്‍ച്ചവ്യാധി നിയന്ത്രണപരിപാടി, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഊര്‍ജ്ജിതമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. പദ്ധതിയുടെ ഭാഗമായി നടത്തിയ റെയ്ഡുകളില്‍ നോട്ടീസ് നല്‍കിയ 3,093 സ്‌കൂളുകളില്‍ 2,009 എണ്ണവും 3,059 ഹോട്ടലുകളില്‍ 2,549 എണ്ണവും 1,445 അന്യദേശത്തൊഴിലാളി കേന്ദ്രങ്ങളില്‍ 1,308 എണ്ണവും പോരായ്മകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കിയതായി യോഗത്തില്‍ അറിയിച്ചു.
പോലീസ് സേനാംഗങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ആശുപത്രികളില്‍ ഷേപ്പ് പദ്ധതിപ്രകാരം ആരംഭിച്ച ആരോഗ്യ പരിശോധനാ ക്ലീനിക്കുകളില്‍ ആദ്യ ഘട്ടം പരിശോധന നടത്തിയ ആഗസ്റ്റ് 16ന്, 784 പോലീസ് സേനാംഗങ്ങളെ പരിശോധിച്ചു. ഇവരില്‍ 10 ശതമാനത്തോളം പേര്‍ക്ക് അമിത രക്ത സമ്മര്‍ദവും ആറ് ശതമാനത്തോളംപേര്‍ക്ക് പ്രമേഹവും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

Latest