ഇന്ത്യയില്‍ ആദ്യമായി ചെറുതേനീച്ച വളര്‍ത്താനുള്ള പെട്ടിക്ക് പേറ്റന്റ്‌

Posted on: August 23, 2014 6:00 am | Last updated: August 23, 2014 at 12:11 am

Honey bee Press Meet-knrകണ്ണൂര്‍: തേനീച്ച കര്‍ഷകരായ കണ്ണൂര്‍ സ്വദേശികള്‍ ചെറുതേനീച്ച വളര്‍ത്തലിനായി സ്വയം വികസിപ്പിച്ചെടുത്ത പുതിയ രൂപത്തിലുള്ള തേനീച്ചപ്പെട്ടിക്ക് ഇന്ത്യയില്‍ ആദ്യമായി ഡിസൈന്‍ പേറ്റന്റ്് ലഭിച്ചു. ചെമ്പേരി സ്വദേശി മാമ്പുഴയ്ക്കല്‍ തോമസ് ജോര്‍ജ്, പൂവം സ്വദേശി ശൗര്യാംകുഴിയില്‍ റോയ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ചെറുതേനീച്ചപ്പെട്ടിക്കാണ് ഡിസൈന്‍ പേറ്റന്റ്് ലഭിച്ചിരിക്കുന്നത്. 2011ല്‍ കൊല്‍ക്കത്ത പേറ്റന്റ് ഓഫീസില്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നതെന്ന് ഇരുവരും അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ചെറുതേനീച്ച വളര്‍ത്താനുള്ള പെട്ടിക്ക് പേറ്റന്റ് ലഭിച്ചിരിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. നിലവില്‍ മുളംതണ്ടിലും മണ്‍കലത്തിലും മറ്റും ചെറുതേനീച്ചകളെ വളര്‍ത്തി ഇതില്‍ നിന്നും അശാസ്ത്രീയമായ നിലയിലാണ് തേനെടുക്കുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും തേനില്‍ തേനീച്ചകളുടെ ലാവയും മറ്റും ഉള്‍പ്പെടാനും ശുദ്ധത സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. കൂടാതെ ഈ രീതിയില്‍ തേനെടുക്കുന്ന വേളയില്‍ റാണി ഈച്ച തന്നെ ചത്തു പോകാനുള്ള സാധ്യതയുമുണ്ട്.
എന്നാല്‍ ഇവര്‍ വികസിപ്പിച്ചെടുത്ത തേനീച്ചപ്പെട്ടിയില്‍ റാണി ഈച്ച എപ്പോഴും സുരക്ഷിതയായിരിക്കും. റാണി ഈച്ചക്ക് മാത്രമായി ഒരു അറയും തേന്‍ ശേഖരിക്കുന്നതിനു പ്രത്യേകമായ സംവിധാനവുമാണ് ചെറുതേനീച്ച പെട്ടിയില്‍ ഒരുക്കിയിരിക്കുന്നത്. റാണി ഈച്ചയുള്ള അറയില്‍ തേനടകള്‍ നിറയുമ്പോള്‍ ഈച്ചകള്‍ തേന്‍ സംഭരണത്തിനു പുതിയ സ്ഥലം തേടും. പെട്ടിയുടെ മുകളിലായി സ്ഥാപിച്ച പ്രത്യേക അറയില്‍ പിന്നീട് ഇവ തേന്‍ ശേഖരിക്കും. ചെറിയ പ്ലാസ്റ്റിക് പെറ്റ് ബോട്ടിലാണ് പ്രത്യേക അറയായി ഉപയോഗിക്കുന്നത്. ഇത് പ്രത്യേക രീതിയില്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ചെറുതേനീച്ചകള്‍ തേന്‍ ശേഖരിക്കുമെന്നത് പുതിയ കണ്ടെത്തലാണെന്നും ഇവര്‍ പറഞ്ഞു. മുകള്‍ഭാഗത്തെ അറയിലേക്ക് ഒരിക്കലും റാണി ഈച്ച വരില്ലെന്നതിനാല്‍ തേനില്‍ മുട്ട കലരുകയുമില്ല. പ്രത്യേക പാത്രത്തില്‍ തേന്‍ നിറയുന്ന മുറക്ക് ഇത് പുറത്തേയ്‌ക്കെടുത്ത് സീല്‍ ചെയ്തു വില്‍പനക്ക് തയാറാക്കാം.
പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം അസോ. ഡയറക്ടര്‍ ചെറുതേനീച്ചപ്പെട്ടിയെ നബാര്‍ഡിലേക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. റബര്‍ ബോര്‍ഡ് ഇതിനകം റബര്‍ കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കുടുംബങ്ങളിലെ വനിതകളുടെ അധിക വരുമാനത്തിനുതകുന്ന പ്രസ്ഥാനം എന്ന നിലയില്‍ അംഗീകരിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള ചെറുതേനീച്ചപ്പെട്ടികള്‍ ഉപയോഗിച്ചു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ്. ഇതിന്റെ ഭാഗമായി സെപ്തംബര്‍ ഒന്നിന് ചെമ്പേരിയില്‍ കര്‍ഷക സെമിനാര്‍ സംഘടിപ്പിക്കും. സെമിനാറില്‍ ചെറുതേനീച്ചപ്പെട്ടിയുടെ ഔദ്യോഗിക ലോഞ്ചിംഗ് നടക്കുമെന്നും തോമസ് ജോര്‍ജും റോയ് വര്‍ഗീസും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെട്ടിക്കുമാത്രം 750 രൂപയും ഈച്ചയടക്കം രണ്ടായിരം രൂപയുമാണ് വില. ഫോണ്‍. തോമസ് ജോര്‍ജ്-9400913172. റോയ് വര്‍ഗീസ്-8281811206.