Connect with us

Ongoing News

രണ്ടു മാസത്തിനിടെ രണ്ടാം തവണ പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂട്ടി

Published

|

Last Updated

തൃശൂര്‍: പാലിയേക്കരയില്‍ വീണ്ടും ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. മണ്ണുത്തി-ഇടപ്പള്ളി ബി ഒ ടി ദേശീയപാതയിലെ പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍നിരക്ക് സെപതംബര്‍ ഒന്ന് മുതല്‍ വീണ്ടും വര്‍ധിപ്പിക്കും. ഇത് സംബന്ധിച്ച വിജ്ഞാപന പരസ്യം പ്രസിദ്ധപ്പെടുത്തി. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് ടോള്‍നിരക്ക് വര്‍ധിപ്പിക്കുന്നത്. ജൂണ്‍ 25നാണ് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്. കാര്‍, ജീപ്പ്, യാത്രാവാന്‍ എന്നിവയുടെ ഒരു ഭാഗത്തേക്കുള്ള 65 രൂപ എന്ന നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 95 രൂപ ഉണ്ടായിരുന്നത് 100 ആക്കിയും പ്രതിമാസ നിരക്ക് 1890 ല്‍ നിന്നും 2005 രൂപയാക്കിയും വര്‍ധിപ്പിച്ചു. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്കുള്ള നിരക്ക് 110ല്‍ നിന്ന് 115 ആയും ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 165ല്‍നിന്ന് 175 രൂപയാക്കിയും പ്രതിമാസനിരക്ക് 3305ല്‍ നിന്ന് 3505 രൂപയായും വര്‍ധിപ്പിച്ചു. ബസ്, ലോറി, ചരക്കുവാഹനങ്ങള്‍ക്ക് യഥാക്രമം 220ല്‍ നിന്ന് 235 രൂപയായും, 330ല്‍ നിന്ന് 350 രൂപയാക്കിയും, 6615ല്‍നിന്ന് 7010 രൂപയായും വര്‍ധിപ്പിച്ചു. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് 355ല്‍ നിന്ന് 375 രൂപയായും 530ല്‍ നിന്ന് 565 രൂപയാക്കിയും 10630ല്‍ നിന്ന് 11265 രൂപയാക്കിയും വര്‍ധിപ്പിച്ചു. ടോള്‍നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്ക് ഒരു വശത്തേക്കുളള നിരക്ക് കൂട്ടിയിട്ടില്ലെങ്കിലും മറ്റു നിരക്കുകളിലെല്ലാം വര്‍ധനവുണ്ടായത് രൂക്ഷവിമര്‍ശനത്തിനിടക്കായിട്ടുണ്ട്.

Latest