Connect with us

Wayanad

സംസ്ഥാനത്തെ ആദ്യ ആദിവാസി ഫ്‌ളാറ്റ് 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാനത്തെ ആദ്യ ആദിവാസി ഫഌറ്റ് ആഗസ്റ്റ് 19 ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് കല്‍പ്പറ്റ ഓണിവയലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാ ചെയര്‍മാന്‍ പി പി ആലി അറിയിച്ചു. എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ അധ്യക്ഷനായിരിക്കുന്ന ചടങ്ങില്‍ പട്ടിക വര്‍ഗ-യുവജനക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി താക്കോല്‍ദാന ഉദ്ഘാടനം നിര്‍വ്വഹിക്കും.
എം ഐ ഷാനവാസ് എം പി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്ത് ആദ്യമായാണ് ആദിവാസികള്‍ക്കായി ഫഌറ്റ് സമുച്ചയം നിര്‍മ്മിച്ചുനല്‍കുന്നത്. ആദിവാസികളുടെ സമ്പൂര്‍ണ സഹകരണത്തോടെ നടപ്പിലാക്കിയ ഈ പദ്ധതിക്ക് 2 കോടി രൂപയാണ് ചിലവിട്ടത്. കോളനിയിലെ ആദിവാസികളെ അട്ടപ്പാടിയിലെ മാതൃകാപാര്‍പ്പിട പദ്ധതി പരിചയപ്പെടുത്താന്‍ നഗരസഭ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി.
2012 നവംബര്‍ 29ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് പദ്ധതിക്കുള്ള അനുമതി ലഭിച്ചത്. പിന്നീട് 2012 ഡിസംബറില്‍ ഭരണാനുമതിയും, 2013 ഫെബ്രുവരി 28ന് സാങ്കേതികാനുമതിയും ലഭ്യമാക്കി. കല്‍പ്പറ്റ മുണ്ടേരിയില്‍ കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് കോളനിവാസികളെ മാറ്റി പാര്‍പ്പിച്ചതിന് ശേഷമാണ് കോളനിയിലെ വീടുകള്‍ പൊളിച്ചത്. 2013 ഏപ്രില്‍ ആറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫഌറ്റിന്റെ തറക്കല്ലിട്ടു. 2013 മെയ് 21ന് ഫഌറ്റിന്റെ പ്രവൃത്തി ആരംഭിച്ചു. എം ഐ ഷാനവാസ് എം പിയുടെയും മന്ത്രി പി കെ ജയലക്ഷ്മിയുടെയും, എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എയുടേയും ഇടപെടല്‍ ഫഌറ്റ് നിര്‍മ്മാണം വേഗത്തിലാക്കി.
17.5 സെന്റ് സ്ഥലത്താണ് ഇരുനിലകളിലായി ഫഌറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 17 കുടുംബങ്ങളാണ് കോളനിയിലുണ്ടായിരുന്നത്. ഒമ്പത് കുടുംബങ്ങള്‍ക്ക് ഗ്രൗണ്ട് ഫ്‌ളോറിലും എട്ട് കുടുംബങ്ങള്‍ക്ക് മുകള്‍നിലയിലും താമസസൗകര്യം ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്ക് പഠനം നടത്താനും മറ്റ് ആവശ്യങ്ങള്‍ക്കുമായി മുകള്‍ നിലയില്‍ വലിയ ഹാളും നിര്‍മ്മിച്ചിട്ടുണ്ട്.
രണ്ട് ബെഡ് റൂം, അടുക്കള, ആധുനീകസൗകര്യങ്ങളുള്ള ബാത്ത്‌റൂം എന്നിവ ഉള്‍പ്പെടുന്നതാണ് ഗ്രൗണ്ട് ഫ്‌ളോറിലെ ഒമ്പത് ഫഌറ്റുകള്‍. മുകള്‍ നിലയില്‍ കുടുംബങ്ങളിലെ അംഗങ്ങളുടെ കണക്ക് അനുസരിച്ച് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടാതെ മന്ത്രി ജയലക്ഷ്മി മുന്‍കൈയ്യെടുത്ത് കോര്‍പ്പസ് ഫണ്ടില്‍ നിന്നും തുക വകയിരുത്തി കുടുംബങ്ങള്‍ക്കാവശ്യമായ കട്ടില്‍, കിടക്ക, മേശ തുടങ്ങിയ ഗൃഹോപകരണങ്ങളും നല്‍കിയിട്ടുണ്ട്. ടെലിവിഷന്‍ അടക്കമുള്ള സൗകര്യങ്ങളോടെ ലൈബ്രറിയും ഫഌറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രവൃത്തി നടത്തുന്നതിന് 65 ലക്ഷം രൂപ കേന്ദ്രാവിഷ്‌കൃത ബാക്ക്‌വേഡ് റീജിയണ്‍സ് ഗ്രാന്റ് ഫണ്ടില്‍നിന്നു ലഭിച്ചു. മന്ത്രി പി.കെ.ജയലക്ഷ്മി പ്രത്യേക താല്‍പര്യമെടുത്ത് പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മുഖേന 92 ലക്ഷം രൂപയും ഫഌറ്റിനായി അനുവദിച്ചു. നഗരസഭയുടെ തനതുഫണ്ടില്‍നിന്നുള്ളതാണ് ബാക്കി 43 ലക്ഷം രൂപ.
പത്രസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ കെ വത്സല, അഡ്വ. ടി ജെ ഐസക്, വി പി ശോശാമ്മ, കെ പ്രകാശന്‍, കെ ജോസ്, ജല്‍ത്രൂദ് ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest