പിഞ്ചോമനകളുടെ വേര്‍പാടില്‍ നടുങ്ങി പുതുശേരി

Posted on: August 17, 2014 10:57 am | Last updated: August 17, 2014 at 10:57 am

പാലക്കാട്: സ്വന്തം മാതാവിന്റെ കൈകളാല്‍ കിണറിന്റെ ആഴങ്ങളിലൂടെ മരണത്തിലേക്ക് യാത്രയായ പിഞ്ചോമനകളുടെ വേര്‍പാട് നാടിനെ നടുക്കി. ഇന്നലെ പുതുശേരി ഉണര്‍ന്നതുതന്നെ വടക്കേത്തറ കോതമംഗലം വീട്ടില്‍ പ്രകാശന്റെ മക്കളായ പ്രശോ’്,പ്രണവ് എന്നിവരുടെ മരണവാര്‍ത്തയറിഞ്ഞാണ്. ആറും മൂന്നൂം വയസുമാത്രമുള്ള കുട്ടികളാണ് മാതാവിന്റെ ആത്മഹത്യാശ്രമത്തില്‍ ജീവന്‍പൊലിഞ്ഞുപോയത്. 

കേട്ടവര്‍ക്കാര്‍ക്കും ആദ്യം വിശ്വസിക്കാന്‍പറ്റാത്ത വാര്‍ത്തയായിരുന്നു അത്. എന്നാല്‍ കണ്‍മുന്നില്‍ കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം പൊക്കിയെടുക്കുന്നതുകണ്ടപ്പോള്‍ നാട് കണ്ണീരിലാഴ്ന്നു. ഭര്‍ത്താവ് പ്രകാശന്‍ ഇനിയും ആ നടുക്കത്തില്‍ നിന്നും ഉണര്‍ന്നിട്ടില്ല. കുട്ടികളുടെ എപ്പോഴും ചിരിക്കുന്ന മുഖംമാത്രമാണ് നാട്ടുകാര്‍ക്കും സ്‌കൂളിലെ കൂട്ടുകാര്‍ക്കും പറയാനുണ്ടായിരുന്നത്.
സ്വാതന്ത്ര്യദിനത്തില്‍ പതാകയുയര്‍ത്തികഴിഞ്ഞതിനുശേഷം മിഠായിയുമായി മടങ്ങിയ കൂട്ടുകാരന്‍ ഇനി തിരിച്ചുവരില്ലെന്നോര്‍ത്ത് കുഞ്ഞുസഹപാഠികളും തേങ്ങുന്നു. ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് കുടുംബത്തോടൊപ്പം നാടും മോചിതരായിട്ടില്ല.