Connect with us

International

ഇറാഖ് പ്രധാനമന്ത്രിയെ മാറ്റിയത് ഒബാമ സ്വാഗതം ചെയ്തു

Published

|

Last Updated

വാഷിംഗ്ടണ്‍/ ബഗ്ദാദ്: നൂരി അല്‍ മാലികിയെ മാറ്റി ഹൈദര്‍ അല്‍ ഇബാദിയെ പുതിയ പ്രധാനമന്ത്രിയായി നിര്‍ദേശിച്ചതിനെ യു എസ് പ്രസിഡന്റ് ബരാക് ഒബാമ സ്വാഗതം ചെയ്തു. നിയുക്ത പ്രധാനമന്ത്രി അല്‍ ഇബാദിയുമായി താനും വൈസ് പ്രസിഡന്റ് ജോ ബിഡനും സംസാരിച്ചതായും പിന്തുണ വാഗ്ദാനം ചെയ്തതായും ഒബാമ അറിയിച്ചു. ഒന്നിച്ച് നില്‍ക്കുകയും എല്ലാവര്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ രൂപവത്കരിക്കുകയുമാണ് ഇറാഖിലെ പ്രതിസന്ധിക്കുള്ള ഒരേയൊരു പരിഹാരമെന്ന് ഒബാമ പറഞ്ഞു.
പുതിയ നേതൃത്വത്തിന് ജനങ്ങളുടെ ആത്മവിശ്വാസം ആര്‍ജിക്കുകയെന്നത് ശ്രമകരമായിരിക്കുമെന്നും എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള ഭരണമാണ് വേണ്ടതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. ശിയ നാഷനല്‍ അലയന്‍സ് പാര്‍ട്ടിയുടെ പാര്‍ലിമെന്ററി സമിതിയാണ് ഇബാദിയെ നാമനിര്‍ദേശം ചെയ്തത്. തുടര്‍ന്ന് പ്രസിഡന്റ് ഔദ്യോഗികമായി അദ്ദേഹത്തെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. അല്‍ ഇബാദി പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കും വരെ മാലികി കാവല്‍ പ്രധാനമന്ത്രിയായി തുടരും. ഇബാദിയുടെ സ്ഥാനാരോഹണത്തെ ഇറാനും സ്വാഗതം ചെയ്തിട്ടുണ്ട്. ഒരു മാസമാണ് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സമയം. ഇബാദിയുടെ നിയമനത്തെ മാലികി അതിരൂക്ഷമായാണ് എതിര്‍ത്തത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മാലികി വിജയിച്ചിരുന്നു. എന്നാല്‍ ജൂണ്‍ ആദ്യ വാരമുണ്ടായ സുന്നി വിമതരുടെ ആക്രമണവും നിരവധി പ്രദേശങ്ങള്‍ പിടിച്ചെടുത്തതും മാലികിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതായിരുന്നു.
അതേസമയം, വടക്കന്‍ ഇറാഖില്‍ പതിനായിരത്തിലധികം യസീദികള്‍ പര്‍വതത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് യു എന്‍ അറിയിച്ചു. വിമതര്‍ക്കെതിരെ യു എസ് വ്യോമാക്രമണം തുടരുകയാണ്. വിമതരുടെ ഭീഷണി മൂലം ഏഴ് ലക്ഷത്തോളം യസീദികളാണ് ഭവനരഹിതരായത്. കുര്‍ദ് സേനയുടെ സഹായത്തോടെ നിരവധി പേര്‍, പര്‍വതത്തിന്റെ വടക്ക് ഭാഗത്തുകൂടി ടൈഗ്രിസ് നദി കടന്ന് സിറിയയിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Latest