Ongoing News
കോണ്‍ഗ്രസിന് 19,903 ബൂത്തുകളില്‍ പുതിയ കമ്മിറ്റികളായി

തിരുവനന്തപുരം: കോണ്‍ഗ്രസ് ബൂത്ത്തല പുനഃസംഘടന വന്‍വിജയമായിരുന്നുവെന്ന് പ്രസിഡന്റ് വി എം സുധീരന്‍. പുനഃസംഘടന ഗ്രൂപ്പ് പങ്കുവെക്കലായിരുന്നില്ല. താഴേത്തട്ടില്‍ പ്രവര്‍ത്തനക്ഷമമായ കമ്മിറ്റികളും ഭാരവാഹികളും വേണമെന്നതായിരുന്നു നിലപാട്.
ആകെയുള്ള 21,458 ബൂത്തുകളില്‍ 19,903 ബൂത്ത് കമ്മിറ്റികളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി കമ്മിറ്റികള്‍ നിലവില്‍ വന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ 1,39,329 ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്. ഇതിന് പുറമേ 1,59,224 നിര്‍വാഹക സമിതി അംഗങ്ങളെയും ഉള്‍പ്പെടുത്തി. ആകെ 2,98,545 ഭാരവാഹികളാണ് തിരഞ്ഞെടുപ്പിലൂടെ ബൂത്ത് കമ്മിറ്റികളില്‍ എത്തിയിരിക്കുന്നത്.
1,555 ബൂത്ത് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടന്‍ നടക്കും. കുട്ടനാട് മേഖലയില്‍ പ്രളയക്കെടുതിയെ തുടര്‍ന്നും സര്‍വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുന്ന കോഴിക്കോട്, വടകര എന്നിവിടങ്ങളിലെ പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിലയിരുത്തലില്‍ പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനത്തില്‍ ദൗര്‍ബല്യം ഉണ്ടെന്ന് മനസ്സിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദൗര്‍ബല്യങ്ങള്‍ ഒഴിവാക്കാനായി താഴെത്തട്ടില്‍ പുനഃസംഘടന നിശ്ചയിച്ചത്.
അപൂര്‍വം ചിലയിടങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളും വാക്കുതര്‍ക്കങ്ങളും ഉണ്ടായി. ഇതെല്ലാം ഗൗരവത്തോടെയാണ് കാണുന്നത്. മണ്ഡലം കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് 20ന് പൂര്‍ത്തിയാക്കും. ആഗസ്റ്റ് 31ന് മുമ്പ് പുനഃസംഘടന പ്രക്രിയാ സമ്പൂര്‍ണമായും പൂര്‍ത്തിയാക്കും. ഈ തിരഞ്ഞെടുപ്പുകളിലൊന്നും ഗ്രൂപ്പ് പങ്കുവെക്കല്‍ അനുവദിക്കില്ലെന്നും സുധീരന്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അതിപ്രസരം ദോഷകരമായി ബാധിച്ച കാലഘട്ടം ഉണ്ടായിരുന്നു. എന്നാല്‍ ഗ്രൂപ്പില്ലാതെ ഭാരവാഹികളെ കൊണ്ടുവരാനുള്ള നിര്‍ദേശത്തിന് എല്ലാ നേതാക്കളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ഗ്രൂപ്പിന്റെ ലാഞ്ചന പോലുമില്ലാതെ ആദ്യഘട്ട പുനഃസംഘടനാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. പാര്‍ട്ടി നല്ല രീതിയില്‍ പോകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഗ്രൂപ്പ് വിനാശകരമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും സുധീരന്‍ അവകാശപ്പെട്ടു.