കേരള ട്രാവല്‍ മാര്‍ട്ട് സെപ്തംബര്‍ 18 മുതല്‍

Posted on: August 9, 2014 9:43 pm | Last updated: August 9, 2014 at 9:44 pm

ktmകൊച്ചി: കേരള ട്രാവല്‍ മാര്‍ട്ട് സെപ്തംബര്‍ 18 മുതല്‍ ഇരുപതു വരെ കൊച്ചിയില്‍ നടക്കുമെന്ന് കെ.ടി.എം പ്രസിഡന്റ് എബ്രഹാം ജോര്‍ജ് അറിയിച്ചു. വെല്ലിംഗ്ടണ്‍ ഐലന്റിലെ സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുക. സെപ്തംബര്‍ 17നാണ്‌ ഉദ്ഘാടനം.

രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ ടൂറിസം മേഖലയിലെ വ്യത്യസ്ത സേവന ദാതാക്കളെ ഒരേ വേദിയിലെത്തിക്കുകയാണ് ചെയ്യുന്നത്. കേരള ഗ്രാമജീവിതത്തിന്റെ ആവിഷ്‌കരണം ഇത്തവണത്തെ കെ.ടി.എമ്മിന്റെ ആകര്‍ഷണമാണ്. പരിപാടിക്കായി ഇതിനകം തന്നെ 525 അന്തര്‍ദേശീയ ബയേഴ്‌സും 1700 ദേശീയ ബയേഴ്‌സും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂലൈ 15 വരെ കെടിഎം 2014 രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

യു.കെ, സ്‌പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ അന്തര്‍ദേശീയ ബയേഴ്‌സുകള്‍ക്കു പുറമെ ആസ്‌ട്രേലിയ, സൗത് ആഫ്രിക്ക, മലേഷ്യ, എന്നീ പുത്തന്‍ മാര്‍ക്കറ്റുകളുടെ സാന്നിധ്യം ഇത്തവണത്തെ കെ.ടി.എമ്മിന്റെ സവിശേഷതയാണ്. ഹോട്ടല്‍& റിസോര്‍ട്‌സ്, ആയുര്‍വേദ റിസോര്‍ട്ടുകള്‍, ടൂര്‍ ഓപ്പറേറ്റേഴ്‌സ്, ഹോട്ടല്‍ മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റ്‌സ് എന്നിവയ്ക്കു പുറമെ മറ്റു സേവന ദാതാക്കളായ അഡ്വെഞ്ചര്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സ്, ഹോംസ്റ്റേയ്‌സ്, ടൂറിസം അസോസിയേഷന്‍സ്, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, സ്വകാര്യ മ്യൂസിയങ്ങള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയവയും ഇതില്‍ പങ്കെടുക്കുന്നുണ്ട്.