Connect with us

Malappuram

മൂന്ന് ഗ്രാമങ്ങളെ കണ്ണീരിലാഴ്ത്തി അല്‍ഐന്‍ വാഹനാപകടം

Published

|

Last Updated

തിരൂര്‍: ജന്മനാട്ടിലെ വിശേഷങ്ങളും ഉറ്റവരുടെ സ്‌നേഹ വായ്പുകളും ഏറ്റുവാങ്ങിയുള്ള അസ്‌ലമിന്റെ മണലാരണ്യത്തിലേക്കുള്ള മടക്കം അന്ത്യയാത്രയായി. നാട്ടിലെ വിശേഷങ്ങളറിയാനും താമസസ്ഥലത്തേക്ക് കൂട്ടാനുമായി വിമാനത്താവളത്തിലേക്ക് പോയ സുഹൃത്തുക്കളും അസ്‌ലമിനോടൊപ്പം മരണപ്പെട്ടത് പ്രവാസലോകത്ത് നടുക്കുന്ന ദുരന്തമായി.
കഴിഞ്ഞ ബുധനാഴ്ച രാത്രി അല്‍ഐനില്‍ കാറപകടത്തില്‍ മരിച്ച മലപ്പുറം ജില്ലക്കാരായ മൂന്ന് പേരുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് പ്രവാസികളും നാട്ടുകാരും ശ്രവിച്ചത്. അരീക്കോട് സ്വദേശി വലിയ പീടിയേക്കല്‍ അസ്‌ലം (25), കുറ്റിപ്പുറം ചെമ്പിക്കല്‍ സ്വദേശി ശരീഫ്, തിരൂര്‍ വെങ്ങാലൂര്‍ സ്വദേശി കരിമ്പനക്കല്‍ നിസാമുദ്ദീന്‍ എന്ന കുഞ്ഞുട്ടി (33) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
പത്ത് ദിവസത്തെ പെരുന്നാള്‍ അവധി കഴിഞ്ഞ നാട്ടില്‍ നിന്നും വരുന്ന അസ്‌ലമിനെ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നും അല്‍ഐനിലെ ജോലി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.
അല്‍ഐനിലെ അബൂ സംഹയില്‍ കഫ്റ്റീരിയ ജീവനക്കാരനായ നിസാമുദ്ദീന്‍ ഒന്നര വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്ന് പോയത്. ഇവിടുത്തെ അഡ്‌നോക്ക് പെട്രോള്‍ പമ്പിലെ ജീവനക്കാരനാണ് അസ്‌ലം.
മരണവിവരമറിഞ്ഞ് റിയാദിലുള്ള അസ്‌ലമിന്റെ പിതാവ് ശറഫുദ്ദീന്‍ നാട്ടിലേക്ക് തിരിച്ചഅറബിയുടെ വീട്ടിലെ ഡ്രൈവറാണ് ശരീഫ്. നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ശരീഫ്. നാട്ടിലുണ്ടായിരുന്നപ്പോള്‍ കലാകായിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ആറു മാസം മുമ്പാണ് നാട്ടില്‍നിന്നും ശരീഫ് ലീവില്‍ വന്ന് അല്‍ഐനിലേക്ക് മടങ്ങിയത്. അനുജന്റെ വിവാഹാലോചനകള്‍ തകൃതിയായി നടക്കുന്നുണ്ട്. വിവാഹം ഉറച്ചുകഴിഞ്ഞാല്‍ താന്‍ എത്തിക്കൊള്ളാമെന്ന് വീട്ടുകാര്‍ക്ക് വാക്കുകൊടുത്തിരുന്നു.
ഇതിന് മുമ്പെയാണ് മരണം ശരീഫിനെ തട്ടിയെടുത്തത്. നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നിസാമുദ്ദീന്റെ മയ്യിത്ത് ഞായറാഴ്ച നാട്ടിലെത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വെങ്ങാലൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.