Connect with us

Ongoing News

'നിങ്ങള്‍ക്ക് 95,0000 ബ്രിട്ടീഷ് പൗണ്ട് സമ്മാനമായി ലഭിച്ചിരിക്കുന്നു'- സന്ദേശമെത്തുമ്പോള്‍ സൂക്ഷിക്കുക

Published

|

Last Updated

പാലക്കാട്: ഗൂഗിള്‍ അടക്കമുള്ള പ്രമുഖ സേവന ദാതാക്കളുടെയെല്ലാം പേരില്‍ ഇന്റര്‍നെറ്റ് തട്ടിപ്പ് വീണ്ടും വ്യാപകമായി. ഗൂഗിള്‍ നടത്തിയ ഒരു ലോട്ടറിയുടെ നറുക്കെടുപ്പില്‍ 95,0000 ബ്രിട്ടീഷ് പൗണ്ട് സമ്മാനമായി ലഭിച്ചിരിക്കുന്നു എന്ന സന്ദേശമായിരിക്കും മൊബല്‍ ഫോണിലോ ഈ മെയിലോ കമ്പനി ചെയര്‍മാന്‍ ഡാന്‍ കോബഌയുടെ പേരില്‍ അയക്കുക. ഈ സന്ദേശത്തില്‍ ഇവര്‍ നല്‍കുന്ന ഫോര്‍മാറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ അയച്ചു നല്‍കണമെന്ന് എഴുതിയിട്ടുണ്ട്. ഇത് പ്രകാരം വിവരം അറിയിച്ചാല്‍ രണ്ട് ദിവസത്തിനുളളില്‍ കമ്പനി സി ഇ ഒയുടെ അഭിനന്ദനം അറിയിച്ച് ഫോണ്‍കോള്‍ എത്തും.
തൊട്ടടുത്ത ദിവസം വീണ്ടും അടുത്ത സന്ദേശമെത്തും. കമ്പനി ചെയര്‍മാന്‍ ചെക്ക് നേരിട്ട് നല്‍കാനാണെന്നായിരിക്കും അത്. ഇതിനു പിന്നാലെ നിങ്ങളുടെ പേരിലുള്ള ചെക്കും, കമ്പനി സി ഇ ഒയുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും മെയിലിലെത്തും. ഇതിന് ശേഷമാണ് തട്ടിപ്പിന്റെ അടുത്ത വല വീഴുന്നത്്. പണം കൈമാറാനായി എത്തുന്ന കമ്പനി സി ഇ ഒയുടെ കസ്റ്റംസ് ക്ലിയറന്‍സ് ചാര്‍ജായ വെറും 22,000 രൂപ വഹിക്കണം. ഈ പണം അയച്ചു നല്‍കണ്ട അക്കൗണ്ട് നമ്പറും അറിയിക്കും. കോടിക്കണക്കിന് രൂപ ലഭിക്കുമെന്നതിനാല്‍ പലരും ഈ പണം അടക്കും. പിന്നീട് ഒരു വിവരവും ഇവരെ കുറിച്ച് ലഭിക്കില്ല.
സംസ്ഥാനത്ത് നിരവധി ആളുകളാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നത്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ആസൂത്രണം ചെയ്യുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങളെ പിടികൂടാന്‍ നമ്മുടെ രാജ്യത്തെ നിയമത്തിന് പരിമിതികളുണ്ട്. ഇത് തന്നെയാണ് ഇത്തരം സംഘങ്ങള്‍ മുതലെടുക്കുന്നതും.
അതുകൊണ്ടു തന്നെ ഇന്റര്‍നെറ്റ് സേവനദാതാക്കളെ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിലക്കുന്ന നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നും അടിയന്തരമായി ഉണ്ടാകേണ്ടതാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഇത്തരം തട്ടിപ്പില്‍ കുടുങ്ങാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നതാണ് അധികൃതരുടെ മുന്നറിയിപ്പ്,

Latest