Connect with us

International

സിറിയയിലെ എണ്ണ മേഖലയില്‍ നിന്ന് വിമതര്‍ പിന്‍വാങ്ങുന്നു

Published

|

Last Updated

ദമസ്‌കസ്: പടിഞ്ഞാറന്‍ സിറിയയിലെ ദേര്‍ അസൂറില്‍ നിന്ന് ഇറാഖില്‍ വേരുകളുള്ള വിമതര്‍ പിന്‍വാങ്ങുന്നു. പ്രവിശ്യയിലെ നിരവധി ഗ്രാമങ്ങളില്‍ ഗോത്രവിഭാഗങ്ങളില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ ശക്തമായതോടെയാണ് ഐ എസ് വിമതര്‍ പിന്‍വാങ്ങുന്നത്. എണ്ണ സമ്പുഷ്ടമായ മേഖലയാണ് ഇത്. ശാഇത്താത്ത് ഗോത്രത്തിന് സ്വാധീനമുള്ള അബു ഹമാം, കശ്കിയ, ഗാരിഞ്ച് എന്നീ ഗ്രാമങ്ങളില്‍ നിന്ന് വിമത സംഘം പുറത്താക്കപ്പെട്ടുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദേര്‍ അസൂറിലെ അല്‍ ബുക്കാമല്‍, അല്‍ തയ്യാന, അല്‍ മയദീന്‍ നഗരങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് ആക്ടിവിസ്റ്റായ വാദ് അല്‍ ഫുറാതി പറഞ്ഞു. ബുധനാഴ്ചയാണ് ഐ എസ് വിമതരും ശയിതാത്ത് ഗോത്ര വിഭാഗവും ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വിമതര്‍ നിരവധി ഗോത്രവിഭാഗക്കാരെ പിടികൂടിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. തങ്ങളുടെ അംഗങ്ങളെ ആക്രമിച്ചില്ലെങ്കില്‍ വിമതരെ എതിര്‍ക്കില്ലെന്ന് നേരെത്തെ ശാഇത്താത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വ്യാഴാഴ്ചയോടെ വിമതര്‍ ഗ്രാമങ്ങള്‍ ആക്രമിച്ച് നിരവധി പേരെ പിടികൂടുകയായിരുന്നു. വിശ്വാസ വഞ്ചന കാണിച്ചുവെന്നാരോപിച്ച് പിടികൂടിയ ഒമ്പത് ശാഇതാത്തുകാരുടെ ഫോട്ടോ വിമതര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എറ്റുമുട്ടലില്‍ ഒമ്പത് വിമത തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും ഇറാഖ് അതിര്‍ത്തിയില്‍ ഇവര്‍ വീണ്ടും പ്രവര്‍ത്തനസജ്ജരാകുന്നതായും സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘം പറഞ്ഞു. അല്‍ഖാഇദയുമായി ബന്ധമുണ്ടായിരുന്നവരും ഇപ്പോള്‍ തെറ്റിപ്പിരിഞ്ഞവരുമായ ഐ എസ് സംഘം സിറിയയിലേയും ഇറാഖിലേയും വലിയ ഭാഗം കൈയടക്കിയിട്ടുണ്ട്. ഇപ്പോള്‍ സിറിയയിലെ വിമത വിഭാഗത്തിന്റെ എതിര്‍പ്പ് നേരിടുകയാണ്.