Connect with us

Eranakulam

ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘം: പ്രമുഖരെ കുടുക്കിയയാള്‍ പിടിയില്‍

Published

|

Last Updated

കൊച്ചി: അനാശാസ്യം ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിന്റെ വലയില്‍ പ്രമുഖരെ കുടുക്കിയ കേസില്‍ അറസ്റ്റിലായ ആലപ്പുഴ പറവൂര്‍ വളത്താട്ട് വീട്ടില്‍ ജയചന്ദ്രനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരത്തെ എം എല്‍ എ ഹോസ്റ്റലില്‍ കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘം റെയ്ഡ് നടത്തി പിടികൂടിയ ജയചന്ദ്രനെ വ്യാഴാഴ്ച രാത്രി കൊച്ചിയിലെത്തിച്ച് 36 മണിക്കൂറോളം ചോദ്യംചെയ്തിട്ടും അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ ലഭിച്ചില്ലെന്ന നിലപാടിലാണ് പോലീസ്. എ സി പി നിശാന്തിനിയുടെ നേതൃത്വത്തില്‍ പോലീസ് ഇന്നലെ രാത്രി എട്ടര വരെ ഇയാളെ ചോദ്യം ചെയ്തു. തുടര്‍ന്ന് പാലാരിവട്ടത്തെ ജഡ്ജിയുടെ വസതിയിലാണ് ഇയാളെ ഹാജരാക്കിയത്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങുന്നതിന് പോലീസ് അടുത്ത ആഴ്ച അപേക്ഷ നല്‍കും.
എറണാകുളം നോര്‍ത്ത് എസ് ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം നാല് ദിവസമായി ജയചന്ദ്രന് വേണ്ടി എം എല്‍ എ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് അന്വേഷണത്തിലായിരുന്നു. ജയചന്ദ്രനുമായി അടുപ്പമുള്ള രണ്ട് പേരെ ഉപയോഗിച്ചായിരുന്നു അന്വേഷണം. ജയചന്ദന്‍ എം എല്‍ എ ഹോസ്റ്റലില്‍ താസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്പീക്കറുടെ അനുമതിയോടെ എം എല്‍ എ ഹോസ്റ്റലില്‍ റെയ്ഡ് നടത്തിക്കൊണ്ടിരിക്കെ ജയചന്ദ്രന്‍ ഇവിടെ നിന്ന് കാറില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ലോക്കല്‍ പോലീസാണ് ഇയാളെ പാറശാലയില്‍ വെച്ച് പിടികൂടിയത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രിയും എ ഐ സി സിയുടെ ഒരു വക്താവും മുന്‍ മന്ത്രിയും എറണാകുളത്തെ പ്രബലനായ ഒരു എം എല്‍ എയുമടക്കമുള്ളവരുടെ പേരുകളാണ് ബ്ലാക്ക് മെയില്‍ സംഘവുമായി ബന്ധപ്പെട്ട പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കേസിന്റെ അന്വേഷണം ഉന്നതരിലേക്കെത്തരുതെന്ന് ആഭ്യന്തര മന്ത്രി പോലീസ് ഉന്നതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കയാണെന്നും പോലീസ് കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.
എന്നാല്‍ അനാശാസ്യം ക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന സംഘത്തെ ഉന്നതരുമായി ബന്ധപ്പെടുത്തുന്നതില്‍ നിര്‍ണായക കണ്ണിയായ ജയചന്ദ്രന്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും ഒന്നും വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്ന് അഡീഷണല്‍ പോലീസ് കമ്മീഷന്‍ നിശാന്തിനി പറഞ്ഞു.
ഇയാളെ അറസ്റ്റ് ചെയ്തത് എം എല്‍ എ ഹോസ്റ്റലില്‍ വെച്ചല്ലെന്നും പാറശാലയില്‍ വെച്ചാണെന്നും അവര്‍ വ്യക്തമാക്കി. എം എല്‍ എ ഹോസ്റ്റലില്‍ ഇയാള്‍ ഒളിച്ചു താമസിച്ചിട്ടുണ്ടോ എന്നത് പോലീസിന്റെ അന്വേഷണ പരിധിയിലില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest