മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വിമതര്‍ മലേഷ്യക്ക് കൈമാറി

Posted on: July 22, 2014 9:43 am | Last updated: July 22, 2014 at 11:43 pm

black boxഡോണെറ്റ്‌സ്‌ക്: ഉക്രൈന്‍ അതിര്‍ത്തിയില്‍ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വിമതര്‍ മലേഷ്യക്ക് കൈമാറി. ഡോണെറ്റ്‌സ്‌കില്‍ മലേഷ്യന്‍ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ കൈമാറിയത്. മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു കൈമാറ്റം.

ബ്ലാക്ക് ബോക്‌സിന് കേടുപാട് പറ്റിയില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു. ബ്ലാക്ക് ബോക്‌സ് ലഭിച്ചതോടെ വിമാനം തകര്‍ന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അപകടം സംഭവിച്ച സമയം, വിമാനം എത്ര അടി ഉയരത്തില്‍ പറക്കുകയായിരുന്നു, വിമാനത്തിന്റെ കൃത്യമായ സ്ഥാനം, കോക്പിറ്റ് വോയിസ് റെക്കോഡറിലെ സംഭാഷണങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ലഭ്യമാവുക.

വ്യാഴാഴ്ച്ച ഉണ്ടായ അപകടത്തില്‍ 298 പേര്‍ കൊല്ലപ്പെട്ടിരുന്നു. റഷ്യന്‍ പിന്തുണയുള്ള വിമതരാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കയും പാശ്ചാത്യന്‍ രാജ്യങ്ങളും ആരോപിക്കുന്നത്.