മണ്ണിനേയും ജൈവകൃഷിയേയും സ്‌നേഹിച്ച് എടത്തനക്കാര്‍

Posted on: July 19, 2014 10:20 am | Last updated: July 19, 2014 at 10:20 am

edathana tharavadകല്‍പ്പറ്റ: ബ്രിട്ടീഷ് ഭരണത്തില്‍നിന്നും നാടിനെ രക്ഷിക്കാന്‍ പഴശ്ശിയോടൊപ്പം പടപൊരുതിയ എടത്തന കുങ്കന്റെ പിന്‍തലമുറക്കാര്‍ പൊരുതുന്നത് മണ്ണിനോട്. വൈറ്റ് കോളര്‍ ജോലി തേടി ചെറുപ്പക്കാര്‍ അലയുമ്പോള്‍ മണ്ണിനേയും ജൈവകൃഷിയേയും സ്‌നേഹിക്കുകയാണ് വാളാട് എടത്തന തറവാട്ടിലുള്ളവര്‍.
നൂറോളം കുടുംബങ്ങളടങ്ങുന്നതാണ് എടത്തന തറവാട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന എടത്തന കുടുംബാംഗങ്ങള്‍ നിലമൊരുക്കലിനും വിത്തിറക്കലിനും കൊയ്ത്തിനുമെല്ലാം ഒരുമയോടെ ഒത്തുചേരും. ഞാറു നടീല്‍ ഇവിടെ ഉല്‍സവം തന്നെയാണ്. കുടുംബാംഗങ്ങള്‍ക്കുപുറമേ നിരവധി നാട്ടുകാരും വാളാട് എടത്തന തറവാട്ടിനു കീഴിലുള്ള വയലില്‍ നടക്കുന്ന ചടങ്ങിന് സാക്ഷികളാവും.
പോയ കാലത്തിന്റെ കാര്‍ഷിക ശീലങ്ങള്‍ പാട്ടും കൊട്ടും താളങ്ങളുമായി ഇവിടെ പുനര്‍ജനിക്കുന്നു. ചേറും ചെളിയും നിറഞ്ഞ പാടത്തേക്ക് വിത്തിറക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് പൈതൃകമായ പൂജാകര്‍മ്മങ്ങളും നടക്കും. വിത്തിറക്കല്‍ മുതല്‍ വിളവെടുപ്പ് വരെ നെല്‍കൃഷി ഇവര്‍ക്ക് ഒരനുഷ്ഠാനമാണ്. മണ്ണും മനുഷ്യനും പ്രകൃതിയുടെ മടിത്തട്ടില്‍ ഇവിടെ ഒന്നായി മാറുന്നു.
സ്വന്തമായുള്ള 16 ഏക്കര്‍ ഭൂമിയാണ് കൃഷിയിടം. പരമ്പരാഗതവും പ്രകൃതിക്ക് കൂടുതല്‍ അനുയോജ്യവുമായ പല കൃഷിരീതികളും അന്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് കൂട്ടുകുടുംബത്തിന്റെ ജൈവകൃഷിയുടെ പ്രസക്തി.
കുട്ടികള്‍ക്ക്‌പോലും കൃഷിയുടെ ബാലപാഠങ്ങള്‍ ഹൃദിസ്ഥം.
വയലുകളില്‍ പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ കൃഷി ചെയ്യും. തറവാട്ടിലെ കുടുംബങ്ങള്‍ ഈ നെല്ല് വീതിച്ചെടുക്കും. ഹരിതവിപ്ലവത്തിന്റെ പ്രലോഭനങ്ങളില്‍ കണ്ണ് മഞ്ഞളിച്ച് കര്‍ഷകരില്‍ ഭൂരിഭാഗംപേരും പരമ്പരാഗത കൃഷിയിനങ്ങളെ ഒഴിവാക്കി അന്തകവിത്തുകള്‍ക്ക് പിന്നാലെ പോകുമ്പോഴാണ് പാരമ്പര്യത്തെയും കൃഷിയെയും ഈ തറവാട് കാത്തുസൂക്ഷിക്കുന്നത്.
നാടന്‍ നെല്ലുകളുടെ വിവിധയിനം വിത്തുകള്‍ എടത്തനക്കാര്‍ കൃഷിചെയ്ത് സംരക്ഷിക്കുന്നു. ഓരോ തരം നെല്ലിനും ക്ഷേത്രാചാരപ്രകാരം വ്യത്യസ്തമായ ഉപയോഗങ്ങളുണ്ട്. ചെന്നെല്ല്, ഞവര, ഗന്ധഗശാല, ജീരകശാല, അടുക്കന്‍, മുണ്ടകന്‍, തൊണ്ടി, വെളിയന്‍ തുടങ്ങി വിശിഷ്ടമായ ഒട്ടേറെ ഇനങ്ങള്‍ കൃഷി ചെയ്യുന്ന കൂട്ടത്തിലുണ്ട്.ഈ കൂട്ടുകുടുംബത്തിന്റെ ആകെ സ്വത്തായി ഇന്നും പരമ്പരാഗത കൃഷിരീതി തുടരുകയാണ്. നെല്ല് വിളയേണ്ട പാടം തരിശിടാന്‍ കുടുംബ കാരണവരായ കോളിച്ചാല്‍ അച്ചപ്പന്‍ വൈദ്യര്‍ സമ്മതിക്കില്ല. വംശീയ വൈദ്യ•ാരില്‍ പ്രശസ്തനായ ഇദ്ദേഹം പരമ്പരാഗത കൃഷി രീതികളുടെ സംരക്ഷകനും കൂടിയാണ്. ഭക്ഷ്യ ഉപഭോഗത്തിനുമെന്നപോലെ ചികില്‍സക്കും ചെന്നെല്ല്, നവര പോലുള്ള ഇനങ്ങള്‍ ഉപയോഗിക്കാറുണ്ട്. ചെറുപ്പക്കാരായ പുതുതലമുറയെ ഈ ചിട്ടവട്ടങ്ങളിലേക്ക് കൊണ്ടുവരാന്‍ ഇദ്ദേഹത്തിന്റെ പങ്കേറെയാണ്.
പൈതൃക നെല്‍വിത്ത് സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരാകുമ്പോഴും ഇതുവരെയായി യാതൊരു സഹായവും സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടില്ലെന്നാണ് തറവാട്ടു കാരണവരുടെ പരിദേവനം. പോയ കാലത്തിന്റെ കൃഷിയറിവുകള്‍ നാളേക്കായി കരുതിവെക്കുന്ന വിരലിലെണ്ണാവുന്ന തറവാടുകളില്‍ ഒന്നായി മാറുകയാണ് ഈ തറവാടും. കൃഷിയും വയലുകളും അപ്രത്യക്ഷമാകുന്ന ഈ കാലത്തിലും കാര്‍ഷികവൃത്തിയില്‍ വിജയഗാഥ തെളിയിക്കുകയാണ് ഈ എടത്തന കുങ്കന്റെ പിന്‍തലമുറക്കാരായ ഈ തറവാട്.