Connect with us

Kozhikode

കേരളത്തെ സമ്പൂര്‍ണ ജൈവ കാര്‍ഷിക സംസ്ഥാനമാക്കും: മന്ത്രി

Published

|

Last Updated

കോഴിക്കോട്: കേരളത്തെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നതെന്ന് മന്ത്രി കെ പി മോഹനന്‍. 2016 ഓടെ ഈ ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് കാസര്‍ക്കോടിനെ ജൈവ ജില്ലയായി പ്രഖ്യാപിച്ചത്. ആരോഗ്യ രംഗത്തെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരം പദ്ധതികള്‍ക്കു പരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. സമഗ്ര പച്ചക്കറിക്കൃഷി വികസനപദ്ധതി 2014-15 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍, 2013-14 വര്‍ഷത്തെ അവാര്‍ഡ് ദാനം, സ്‌കൂളുകള്‍ക്കുള്ള ബയോഗ്യാസ് പ്ലാന്റുകളുടെ വിതരണം എന്നിവ കോഴിക്കോട് ടാഗോര്‍സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയില്‍ കോടിക്കണക്കിനു രൂപയുടെ പദ്ധതികളുണ്ട്. ഇവ പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണം. തരിശുഭൂമി ഏറ്റെടുത്ത് കൃഷി നടത്താന്‍ പഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണം. കര്‍ഷകനു രക്ഷ നല്‍കിയാലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകൂ. ഇതു തിരിച്ചറിഞ്ഞ് അവരുടെ കൂടി നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള പദ്ധതികളാണ് കൃഷിവകുപ്പ് നടപ്പാക്കുന്നത്. കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിനു കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അടിസ്ഥാന സൗകര്യങ്ങളുള്ള കൃഷിഭവനുകള്‍ മുഖേന പച്ചക്കറി സംഭരണത്തിനു തുടക്കമിട്ടുകഴിഞ്ഞു. കൃഷിഭവനുകള്‍ സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ് വഴിയാണ് വിപണിയിലെത്തിക്കുകയെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മേയര്‍ പ്രഫ എ കെ പ്രേമജം അധ്യക്ഷത വഹിച്ചു.

Latest