ഇസ്‌റാഈല്‍ ആക്രമണം: ശ്രീനഗറില്‍ പ്രതിഷേധം പടരുന്നു

Posted on: July 16, 2014 12:39 am | Last updated: July 16, 2014 at 12:39 am

ശ്രീനഗര്‍: ഫലസ്തീനിലെ ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കിരാതമായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ശ്രീനഗറില്‍ പ്രക്ഷോഭം പടരുന്നു. ആയിരക്കണക്കിന് യുവാക്കള്‍ ഇസ്‌റാഈലിനെതിരെ മുദ്രാവാക്യം വിളിച്ച് തെരുവുകളിലിറങ്ങി. ഇസ്‌റാഈല്‍ നടത്തുന്ന വിവിധ ആക്രമണങ്ങളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 200നടുത്തായിട്ടുണ്ട്.
കാശ്മീര്‍ താഴ്‌വരയില്‍ 15 ദിവസത്തെ വേക്കേഷന് വേണ്ടി കോളജുകളും സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. നിരവധി ചെറുപ്പക്കാര്‍ ലാല്‍ ചൗക്കിലും ശ്രീനഗറിലെ മറ്റു പ്രധാന നഗരങ്ങളിലും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. സംഘര്‍ഷസാധ്യതയെ തുടര്‍ന്ന് വിവിധ നഗരങ്ങളില്‍ പോലീസും സി ആര്‍ പി എഫും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പ്രതിഷേധ സമരങ്ങള്‍ നിലവില്‍ സമാധാനപരമാണെന്നും കടകളും ബിസിനസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതായും പോലീസ് പറഞ്ഞു.
ഇസ്‌റാഈലിന്റെ ആക്രമണത്തിനെതിരെ തിങ്കളാഴ്ച മുതല്‍ തുടങ്ങിയതാണ് ശക്തമായ പ്രതിഷേധങ്ങള്‍. എന്നാല്‍ പോലീസ് ശക്തമായ പ്രതിരോധമാണ് പല സ്ഥലങ്ങളിലും തയ്യാറാക്കിയിരിക്കുന്നത്. അഭിഭാഷകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ ഇസ്‌റാഈലിന്റെ ക്രുരമായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയതായി പോലീസ് ചൂണ്ടിക്കാട്ടി.
കാശ്മീരിലെ ഉന്നത നേതാക്കളായ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, മുഹമ്മദ് യാസീന്‍ മാലിക് തുടങ്ങിയവര്‍ ഇസ്‌റാഈല്‍ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിച്ചു.
ഈ മാസം എട്ട് മുതലാണ് ഇസ്‌റാഈല്‍ ഗാസയില്‍ മാരകമായ ആക്രമണം ആരംഭിച്ചത്. ഹമാസിന്റെ കേന്ദ്രങ്ങളാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് ഇസ്‌റാഈല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ കൊല്ലപ്പെട്ടവര്‍ മുഴുവന്‍ നിരപരാധികളാണ്. ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് ഗാസയില്‍ ഇതുവരെ 190ലധികം പേര്‍ മരിക്കുകയും 1390 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും 250ലധികം വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.