370 ാം വകുപ്പ് എടുത്തുകളയാന്‍ നീക്കമില്ലെന്ന് കേന്ദ്രം

Posted on: July 16, 2014 12:38 am | Last updated: July 16, 2014 at 12:38 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയിലെ 370 ാം വകുപ്പ് എടുത്തുകളയാന്‍ നീക്കമില്ലെന്ന് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണം നടത്തുന്നതിനിടെ അധികാരത്തിലെത്തിയാല്‍ ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഈ വകുപ്പ് എടുത്തുകളയുമെന്ന് ബി ജെ പി ഉറപ്പ് നല്‍കിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനുള്ള വല്ല നീക്കങ്ങളും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടോ എന്ന ടി എം സി അംഗം സുജാത റോയിയുടെ എഴുത്തിലൂടെയുള്ള ചോദ്യത്തോട് പ്രതികരിക്കവെ മന്ത്രി കിരണ്‍ റിജിജുവാണ് ഇത് നിഷേധിച്ച് രംഗത്തെത്തിയത്.
മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജിതേന്ദ്ര സിംഗ് ഇതുസംബന്ധിച്ച് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനുള്ള ആദ്യ നടപടികള്‍ ആരംഭിച്ചെന്നായിരുന്ന ജിതേന്ദ്ര അന്ന് പറഞ്ഞത്. എന്നാല്‍ പ്രസ്താവന വിവാദമായതോടെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയുയായിരുന്നുവെന്നും പറഞ്ഞ് അദ്ദേഹം തകിടം മറിഞ്ഞു. ജമ്മുകാശ്മീരിലെ ഉദ്ദംപൂരില്‍ നിന്ന് ലോക്‌സഭയിലെത്തിയ ജിതേന്ദ്ര കുമാര്‍, ഈ വിഷയത്തില്‍ ബി ജെ പി വളരെ പ്രൊഫഷനലായാണ് മുന്നോട്ടുപോകുന്നതെന്നും ഇതുസംബന്ധിച്ച് കാശ്മീരില്‍ യോഗം വിളിച്ചുകൂട്ടുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു.
നിലവില്‍ മൊത്തം 270 പേര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ ഒരുക്കുന്നണ്ട്. ഇത് അവര്‍ക്കുള്ള ഭീഷണികളുടെ തോതനുസരിച്ചാണ്. ആവശ്യമനുസരിച്ച് ഇതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമായിരിക്കും. വ്യത്യസ്ത സമയങ്ങളില്‍ ഈ ആളുകളുടെ എണ്ണത്തില്‍ വ്യത്യാസം വരാറുണ്ട്. മറ്റൊരു ചോദ്യത്തോട് പ്രതികരിക്കവെ, റിജിജു ചൂണ്ടിക്കാട്ടി.