വിദ്യാലയങ്ങളില്‍ റോഡ് സുരക്ഷാ സെല്ലുകള്‍ വരുന്നു

Posted on: July 16, 2014 12:42 am | Last updated: July 15, 2014 at 11:48 pm

പാലക്കാട്: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് റോഡ് സുരക്ഷാ സെല്ലുകള്‍ രൂപവത്കരിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും സുരക്ഷാസെല്ലുകള്‍ ഉടനെ നിലവില്‍ വരും.
എല്ലാ വിദ്യാഭ്യാസ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ഇതുസംബന്ധിച്ച വിവരങ്ങള്‍ റോഡ് സുരക്ഷാ അതോറിറ്റി കൈമാറി. റോഡ് സുരക്ഷാ വിദ്യാഭ്യാസം പുതുതലമുറ ക്ക് പഠിപ്പിക്കുകയും റോഡ് അപകടങ്ങള്‍ ഇതുവഴി കുറക്കുകയുമാണ് സെല്ലിന്റെ ദൗത്യം. ഓരോ ജില്ലയിലെയും നൂറ് അധ്യാപകരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും. രണ്ടാംഘട്ടമായി കൂടുതല്‍ അധ്യാപകര്‍ക്കും എന്‍ സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് വോളണ്ടിയര്‍മാര്‍ക്കും പരിശീലനം നല്‍കും. റോഡ് ഡിസൈന്‍ ചെയ്ത രീതി,
അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തല്‍, അപകടം സംഭവിച്ചാല്‍ പ്രഥമശുശ്രൂഷ നല്‍കുന്ന വിധം എന്നീ കാര്യങ്ങളും പഠിപ്പിക്കും.അത്യാഹിതം നടന്നാല്‍ നല്‍കുന്ന പ്രഥമശുശ്രൂഷ ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് വരുത്തുന്നതെന്ന് നാറ്റ്പാക്ക് പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക ശുശ്രൂഷ അടക്കമുള്ള കാര്യങ്ങള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. ഓരോ സ്‌കൂള്‍ പരിധിയിലെയും പോലീസ് എസ് ഐമാര്‍ക്ക് ആയിരിക്കും സെല്ലിന്റെ പൂര്‍ണചുമതല. ട്രാഫിക് ബോധവത്കരണ ടീമിന്റെ തുടര്‍പരിശീലനവും പ്രവര്‍ത്തനങ്ങളും നാറ്റ്പാക്ക് നടപ്പാക്കും.
യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും കാഴ്ചക്കുറവ് അപകടങ്ങള്‍ വരുത്തിവെക്കുന്നതായും നിശാന്ധത പോലുള്ള രോഗങ്ങള്‍ പടരുന്നതും അമിതവേഗവുമാണ് കാഴ്ചക്കുറവിന് ആധാരം. വിദ്യാര്‍ഥികളില്‍ റോഡ് സുരക്ഷാ ബോധവത്കരണവും ‘അതിവേഗം അപകടം’ എന്ന തത്വവും ഉണ്ടാക്കിയെടുക്കുകയാണ് പദ്ധതികൊണ്ട് നാറ്റ്പാക്ക് ഉദേശിക്കുന്നത്.