അന്തര്‍ സംസ്ഥാന കവര്‍ച്ചാസംഘം പിടിയില്‍

Posted on: July 12, 2014 7:20 am | Last updated: July 12, 2014 at 8:20 am

കോഴിക്കോട്: സംസ്ഥാനത്തും പുറത്തുമായി മോഷണമുള്‍പ്പെടെ നിരവധി കേസുകളിലുള്‍പ്പെട്ട ആറംഗ സംഘം പോലീസ് പിടിയിലായി. വെള്ളിമാടുകുന്ന് ഗവ. ലോ കോളജിന് സമീപത്തെ കാനറാ ബേങ്ക്, മുത്തൂറ്റ് ബേങ്ക് എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തുന്നതിനുള്ള അവസാന വട്ട ആസൂത്രണത്തിനിടെ ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഘം പിടിയിലായത്. കണ്ണൂര്‍ പാനൂരിനടുത്ത പുത്തൂര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഉബൈദുല്ല (32), കോഴിക്കോട് പൂനൂര്‍ വട്ടപ്പൊയില്‍ വീട്ടില്‍ ആദില്‍ഖാന്‍ (20), പയ്യന്നൂര്‍ പെരിങ്ങോം സ്വദേശി കഞ്ഞിപ്പുരയില്‍ റാഷിദ് (28), കോഴിക്കോട് പേരാമ്പ്ര കോമത്ത് രവീന്ദ്രന്‍ എന്ന അഷ്‌റഫ് (45), നടുവണ്ണൂര്‍ സ്വദേശി പരപ്പില്‍ സാജിദ് ഹസന്‍ എന്ന ഷാജി (29), പയ്യന്നൂര്‍ വെള്ളൂര്‍ നങ്ങാരത്തു വീട്ടില്‍ ഷറഫുദ്ദീന്‍ (34) എന്നിവരെയാണ് ചേവായൂര്‍ സി ഐ എ വി ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
രണ്ട് കാറുകള്‍, മൂന്ന് ബൈക്കുകള്‍, അഞ്ച് മൊബൈല്‍ഫോണുകള്‍, ഒരു എല്‍ സി ഡി. ടി വി എന്നിവ പ്രതികളില്‍ നിന്ന് കണ്ടെടുത്തു. മോഷണത്തിനുപയോഗിക്കുന്ന കമ്പിപ്പാരകള്‍, സ്‌ക്രൂ ഡ്രൈവറുകള്‍, മുഖംമൂടികള്‍, കൈയുറകള്‍ എന്നിവയും പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്ന ഭവനഭേദനം, വാഹനമോഷണം, ബൈക്കില്‍ സഞ്ചരിച്ച് മാല പൊട്ടിക്കല്‍ തുടങ്ങി മുപ്പതിലേറെ കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് അറിയിച്ചു. നിരവധി ആരാധനാലയങ്ങളിലെ നേര്‍ച്ചപ്പെട്ടികളും ഭണ്ഡാരങ്ങളും ഇവര്‍ കവര്‍ന്നിട്ടുണ്ട്. ലക്ഷങ്ങള്‍ വില വരുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ കവര്‍ന്ന കേസുകളിലും ബീവറേജസ് ഷോപ്പുകളില്‍ നിന്ന് മദ്യം കവര്‍ന്ന കേസുകളിലും പ്രതികളാണ്. മൂന്ന് മാസം മുമ്പ് തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഉബൈദുല്ലയാണ് സംഘത്തിലെ പ്രധാനി. ഭവനഭേദനവും കുഴല്‍പ്പണ ഇടപാടുമുള്‍പ്പെടെ പത്തിലേറെ കേസുകളില്‍ പ്രതിയായ ഇയാളുടെ നിര്‍ദേശപ്രകാരമാണ് മറ്റു അംഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിടിയിലായ സാജിദ് ഹസന്‍ മംഗലാപുരം പോലീസിന്റെ പിടികിട്ടാപ്പുള്ളിയാണ്. രവീന്ദ്രന്‍ എന്ന അഷ്‌റഫിന്റെ പേരില്‍ വിവാഹത്തട്ടിപ്പുകേസുകളും നിലവിലുണ്ട്. സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആദില്‍ഖാന്‍ ആറ് െൈബക്ക് മോഷണക്കേസുകളില്‍ പ്രതിയാണ്.
കേസുകളില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേയാണ് പ്രതികള്‍ സൗഹൃദത്തിലാകുന്നത്. പുറത്തിറങ്ങിയാല്‍ പരസ്പരം ബന്ധപ്പെടണമെന്നും കവര്‍ച്ച നടത്തണമെന്നും ഇവിടെ വെച്ച് തീരുമാനമെടുത്തിരുന്നു. വലിയൊരു കവര്‍ച്ച നടത്തി മോഷണ മുതല്‍ കൊണ്ട് ബിസിനസ് നടത്തി മറ്റൊരു ജീവിതം നയിക്കാനാണ് സംഘം പദ്ധതിയിട്ടിരുന്നത്. ഇതിനായാണ് വെള്ളിമാടുകുന്നിലെ കവര്‍ച്ച ആസൂത്രണം ചെയ്തത്. ബേങ്ക് കവര്‍ച്ചക്ക് വേണ്ടിയാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട വീട്ടില്‍ നിന്നും കാര്‍ മോഷ്ടിച്ചതെന്നും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.