സാധാരണക്കാര്‍ക്ക് നിരാശ തന്നെ

Posted on: July 11, 2014 6:00 am | Last updated: July 11, 2014 at 12:46 am

SIRAJ.......നയപ്രഖ്യാപനത്തിലും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലും സൂചിപ്പിച്ചത് പോലെ ഉദാരവത്കരണ, സ്വകാര്യവത്കരണ നയങ്ങള്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളടങ്ങിയതാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ അവതരിപ്പിച്ച പൊതുബജറ്റ്. വളര്‍ച്ചാ നിരക്ക് ഏഴ് മുതല്‍ എട്ട് ശതമാനം വരെ ഉയര്‍ത്താനും ധനക്കമ്മി 4.1 ശതമാനമായി കുറക്കാനും ലക്ഷ്യമിടുന്ന ബജറ്റ്, തന്ത്രപ്രധാനമായ പ്രതിരോധമുള്‍പ്പെടെയുള്ള മേഖലകള്‍ വിദേശ നിക്ഷേപകര്‍ക്കായി മലര്‍ക്കെ തുറന്നിടലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയുമാണ് ഇതിനായി മുന്നില്‍ കാണുന്ന പ്രധാന മാര്‍ഗങ്ങള്‍. പ്രതിരോധ മേഖലയിലും ഇന്‍ഷ്വറന്‍സിലും വിദേശ നിക്ഷേപത്തിന്റെ തോത് 26 നിന്ന് 49 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഭവനനിര്‍മാണമുള്‍പ്പെടെ പല നിര്‍മാണ മേഖലകളിലും വിദേശ നിക്ഷപം അനുവദിക്കുമെന്ന് വ്യക്തമാക്കുകയുണ്ടായി. പ്രതിേരോധ മേഖലയിലേക്കുള്ള വിദേശ നിക്ഷേപകരുടെ വരവ് രാജ്യ സുരക്ഷക്ക് വന്‍ഭീഷണിയാണെന്ന മുന്‍ നിലപാട് ബി ജെ പി അപ്പാടെ വിഴുങ്ങിയിരിക്കയാണ്. വരുമാനം കൂട്ടാന്‍ സാധാരണക്കാരന് അധികാര ഭാരമേല്‍പ്പിക്കാത്ത നികുതിയേതര മാര്‍ഗങ്ങളേ അവലംബിക്കൂ എന്ന് പറയുന്ന ജെയ്റ്റ്‌ലിയുടെ, ഭക്ഷ്യസബ്‌സിഡി വെട്ടിക്കുറക്കുമെന്ന പ്രഖ്യാപനം ഫലത്തില്‍ സാധാരണക്കാരന്റെ വരും നാളുകള്‍ പ്രയാസമേറിയതാക്കുമെന്ന് സൂചിപ്പിക്കുന്നു.
പെട്രോള്‍ ഉത്പന്നങ്ങളുടെ വില ഉയരുന്നതും റെയില്‍വേ ചരക്ക് കൂലി വര്‍ധനയും രാജ്യത്തെ വിലക്കയറ്റം രൂക്ഷമാക്കിയിരിക്കയാണ്. കാലവര്‍ഷം കുറഞ്ഞത് മൂലം കാര്‍ഷിക ഉത്പാദനത്തിലുണ്ടായ കുറവ് നിത്യോപയോഗ സാധനങ്ങളുടെ വില ഇനിയും ഉയര്‍ത്തുമെന്ന് സാമ്പത്തിക സര്‍വേ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ബജറ്റില്‍ ആകെ വകയിരുത്തിയത് അഞ്ഞൂറ് കോടിയാണ്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും കര്‍ശനമായി തടയുകയും പൊതു വിതരണ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമവും വ്യാപകവുമാക്കുകയും ചെയ്‌തെങ്കിലേ അവശ്യ വസ്തുക്കളുടെ വില പിടിച്ചുനിര്‍ത്താനാകൂ. ഈ ലക്ഷ്യത്തില്‍ 500 കോടി തീരേ അപര്യാപ്തമാണ്. അനുകൂല കാലാവസ്ഥ കഴിഞ്ഞ വര്‍ഷത്തെ ഭക്ഷ്യോത്പാദനം ലക്ഷ്യത്തിനപ്പുറമെത്തിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്. 264 ദശലക്ഷം ടണ്ണാണ് 2013ലെ ഭക്ഷ്യോത്പാദനം. 65 ദശലക്ഷം സര്‍ക്കാര്‍ ഗോഡൗണുകളില്‍ സൂക്ഷിപ്പുണ്ട്. ഇത് സബ്‌സിഡി നിരക്കില്‍ സാധാരണക്കാരന്റെ കൈകളിലെത്തിക്കാനായാല്‍ വിലക്കയറ്റത്തിന്റെ ഭാരം ലഘൂകരിക്കാനാകും.
കാര്‍ഷിക മേഖലക്ക് ബജറ്റ് അല്‍പം പരിഗണന നല്‍കിയെന്നത് ആശ്വാസകരമാണ്. നടപ്പു സാമ്പത്തിക വര്‍ഷം എട്ട് ലക്ഷം കോടി കാര്‍ഷിക വായ്പ, കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കാന്‍ 5000 കോടിയുടെ അധിക സഹായം, കാര്‍ഷിക ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണുകള്‍ക്ക് 5000 കോടി, വിലസ്ഥിരത ഉറപ്പ് വരുത്തുന്നതിന് 500 കോടി, കര്‍ഷക വാര്‍ത്തകളും വിവരങ്ങളും കര്‍ഷകര്‍ക്കെത്തിക്കാനായി മുഴുസമയ കിസാന്‍ ടി വി ചാനല്‍, രാസവള വില നിയന്ത്രിക്കാന്‍ പുതിയ നയം തുടങ്ങിയവയാണ് ഈ മേഖലയിലെ പ്രഖ്യാപനങ്ങള്‍. അടിസ്ഥാന സൗകര്യ വികസനത്തിനും, നഗരങ്ങളുടെ വകസനത്തിനും ബജറ്റ് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്.
മാറ്റത്തിനു വേണ്ടിയാണ് ഇന്ത്യന്‍ ജനത വോട്ട് ചെയ്തതെന്നും വികസനത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നുമുള്ള ആമുഖത്തോടെയാണ് അരുണ്‍ ജെയ്റ്റ്‌ലി ബജറ്റവതരണം ആരംഭിച്ചത്. എന്നാല്‍ ഇന്ത്യന്‍ ജനതയുടെ മൂന്നിലൊന്ന് വരുന്ന ദരിദ്രര്‍ക്ക് ആശ്വാസം നല്‍കാനായി ഏര്‍പ്പെടുത്തിയ സബ്‌സിഡിയാണ് രാജ്യത്തെ സാമ്പത്തിക ഞെരുക്കത്തിന് മുഖ്യകാരണമെന്ന യു പി എ സര്‍ക്കാറിന്റെ നയത്തെ മോദി സര്‍ക്കാര്‍ കണ്ണടച്ചു അംഗീകരിക്കുമ്പോള്‍ എവിടെയാണ് ജനങ്ങള്‍ ആഗ്രഹിച്ച ആ മാറ്റം? ഉദാരവത്കരണ, സ്വകാര്യവത്കരണ നയങ്ങളിലൂന്നിയുള്ള യു പി എ സര്‍ക്കാറിന്റെ പദ്ധതികള്‍ സാധാരണക്കാരന്റെ ജീവിതഭാരം വര്‍ധിപ്പിക്കുകയല്ലാതെ ലഘൂകരിക്കാന്‍ ഒട്ടും സഹാകമായിട്ടില്ലെന്ന യാഥാര്‍ഥ്യത്തിന് നേരെ മോദി സര്‍ക്കാര്‍ കണ്ണടക്കുകയാണ്. വ്യവസായ മേഖലയുടെ വളര്‍ച്ചക്കെന്ന പേരില്‍ രാജ്യത്തെ വ്യവസായ കുത്തകള്‍ക്ക് നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങളും കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന ഇളവുകളും എഴുതിത്തള്ളുന്ന കടങ്ങളും ഭക്ഷ്യ സബ്‌സിഡിക്കായി നല്‍കുന്നതിനേക്കാള്‍ അനേക മടങ്ങാണ്. കോടീശ്വരന്മാരെ അതിനപ്പുറമെത്തിക്കാന്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തല്‍ ചെയ്യുകയും ഭരണ മേഖലയെ മുച്ചൂടും ഗ്രസിച്ച അഴിമതി തുടച്ചുനീക്കുകയും ചെയ്താല്‍ ദരിദ്രരുടെ കഞ്ഞിപ്പാത്രത്തില്‍ കൈയിടാതെ തന്നെ പരിഹരിക്കാകുന്നതാണ് സാമ്പത്തിക പ്രയാസങ്ങള്‍. ഈ വഴിക്കുള്ള ധീരമായ കാല്‍വെ പ്പുകള്‍ ബജറ്റ് പ്രഖ്യാപനത്തില്‍ കാണാനില്ല. അത്തരം പ്രഖ്യാപനങ്ങളായിരുന്നു ഭരണ മാറ്റത്തിലൂടെ ജനം ആഗ്രഹിച്ചത്.

ALSO READ  കലാലയ രാഷ്ട്രീയത്തില്‍ പുനരാലോചന വേണം