Connect with us

Kozhikode

സംസ്ഥാനതല കര്‍ഷക ദിനാചരണം കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍

Published

|

Last Updated

കോഴിക്കോട്: ഇത്തവണത്തെ സംസ്ഥാനതല കര്‍ഷക ദിനാചരണം കോഴിക്കോട് കടപ്പുറത്തെ മറൈന്‍ ഗ്രൗണ്ടില്‍ നടക്കും. ജില്ല ആദ്യമായാണ് സംസ്ഥാനതല കര്‍ഷകദിനാചരണത്തിന് വേദിയാകുന്നത്. ഇതിനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു.
ആഗസ്റ്റ് 16 മുതല്‍ 19 വരെ നടക്കുന്ന പരിപാടികളില്‍ ഭക്ഷ്യ കാര്‍ഷിക വസ്തുക്കളുടെ വിപണന, പ്രദര്‍ശന മേള, കാര്‍ഷിക മത്സരങ്ങള്‍, ആധുനിക കാര്‍ഷിക സങ്കേതങ്ങള്‍ പരിചയപ്പെടാനുള്ള അവസരം, സര്‍വകലാശാലകളില്‍ നിന്നുള്ള പ്രഗത്ഭര്‍ നയിക്കുന്ന സെമിനാറുകള്‍ തുടങ്ങിയവയുണ്ടാകും.
വൈകുന്നേരങ്ങളില്‍ 6.30 മുതല്‍ മറൈന്‍ഗ്രൗണ്ടിലെ പ്രത്യേക വേദിയില്‍ കലാപരിപാടികള്‍ നടക്കും. 125 സ്റ്റാളുകളാണ് എക്‌സിബിഷനായി ഒരുക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ സംരംഭങ്ങളുടെ വിപുലമായ പ്രദര്‍ശന വിപണന മേള, സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അറിയുന്നതിനും പുത്തന്‍ കാര്‍ഷിക സങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിനുമുള്ള വേദി, മലബാര്‍ മേഖലയിലെ തനതായ ഭക്ഷ്യ വിഭവങ്ങള്‍ വാങ്ങുന്നതിനുള്ള ഔട്ട്‌ലറ്റ് തുടങ്ങിയവയുണ്ടാകും. ചിങ്ങം ഒന്നിന് ഞാറ്റുപാട്ട്, ഓലമെടയല്‍, തെങ്ങുകയറ്റം, പാചകം, പരിചമുട്ട് തുടങ്ങിയ മത്സരങ്ങളും പരമ്പരാഗത കലാരൂപങ്ങളുടെ അവതരണവും ഉണ്ടാകും.
16ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഫ്‌ളോട്ടുകള്‍ അണിനിരക്കുന്ന ഘോഷയാത്ര നടക്കും. മലബാറിലെ വ്യത്യസ്ത കലാരൂപങ്ങള്‍, കാര്‍ഷിക പശ്ചാത്തലം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ എന്നിവ ഫ്‌ളോട്ടുകളില്‍ അവതരിപ്പിക്കും. കര്‍ഷക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും.
18ന് നടക്കുന്ന സെമിനാറില്‍ പഞ്ചായത്ത് തലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആയിരം കര്‍ഷകര്‍ പങ്കെടുക്കും. താത്പര്യമുള്ളവര്‍ കൃഷി”ഭവനുകളുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പി കെ രഞ്ജിനി അറിയിച്ചു. വെറ്റിനറി സര്‍വകലാശാലയില്‍ നിന്നും കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുമുള്ള പ്രഗത്ഭര്‍ ക്ലാസ്സെടുക്കും. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ആധുനിക കൃഷിരീതികള്‍ വിശദീകരിക്കുന്ന ലഘു പുസ്തകങ്ങള്‍, കാര്‍ഷിക കിറ്റുകള്‍ തുടങ്ങിയവ നല്‍കും.
19ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മികച്ച കര്‍ഷകര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Latest