Connect with us

Kozhikode

കോഴിക്കോടിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല: എം കെ രാഘവന്‍

Published

|

Last Updated

കോഴിക്കോട്: കേരളം ഇന്ത്യയുടെ ഭാഗമല്ലെന്ന തരത്തില്‍ ഒരു സംസ്ഥാനത്തെയും അവിടത്തെ ജനങ്ങളെയും പൂര്‍ണമായും അവഗണിച്ച ബജറ്റാണ് കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ അവതരിപ്പിച്ചതെന്ന് എം കെ രാഘവന്‍ എം പി. വിശാലമായ ദേശീയ താത്പര്യം പരിഗണിക്കാതെ വെറും സങ്കുചിത താത്പര്യം ഉള്‍ക്കൊണ്ട് അവതരിപ്പിച്ച ബജറ്റിനെ ദേശീയ ബജറ്റെന്ന് വിളിക്കാനാകില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് മാത്രമായി അവതരിപ്പിച്ച ബജറ്റാണ് മോദി സര്‍ക്കാറിന്റെ കന്നി ബജറ്റ്.
റെയില്‍വേ മന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് 125 വര്‍ഷത്തെ ചരിത്രമുള്ള കോഴിക്കോട് സ്റ്റേഷന്റെ വികസനത്തിന് ആവശ്യമായ നിരവധി ആവശ്യങ്ങളുന്നയിച്ചിട്ടും കാര്യമായൊന്നും പോലും പരിഗണിക്കാത്തത് നീതികേടാണ്. കോഴിക്കോട്ടും വെസ്റ്റ്ഹില്ലിലും പിറ്റ്‌ലൈന്‍ സ്ഥാപിക്കാനും വെസ്റ്റ്ഹില്‍ സ്റ്റേഷനെ സെക്കന്‍ഡ് ടെര്‍മിനലായി മാറ്റാനും ഫറൂഖ് റെയില്‍വേ സ്റ്റേഷന്‍ അപ്‌ഗ്രേഡ് ചെയ്യാനുമെല്ലാം ആവശ്യമുന്നയിച്ചിരുന്നു. കോഴിക്കോട്- ഷൊര്‍ണൂര്‍ റൂട്ടില്‍ മെമു സര്‍വീസ് ഏര്‍പ്പെടുത്തുന്നതും യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വരെ ദീര്‍ഘിപ്പിക്കുന്നതുമുള്‍പ്പെടെയുള്ള ആവശ്യങ്ങളൊന്നും തന്നെ പരിഗണിക്കാന്‍ റെയില്‍വേ മന്ത്രാലയം തയ്യാറായില്ലെന്നും രാഘവന്‍ കൂട്ടിച്ചേര്‍ത്തു.