Connect with us

Ongoing News

പാറ്റൂരിലെ ഭൂമി കൈയേറ്റം: ഫയലില്‍ ഒപ്പുവെച്ചത് കലക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചെന്ന് തിരുവഞ്ചൂര്‍

Published

|

Last Updated

തിരുവനന്തപുരം: പാറ്റൂരില്‍ സ്വകാര്യകമ്പനി സര്‍ക്കാര്‍ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട ഫയലില്‍ ഒപ്പ് വെച്ചത് കലക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആവൃതി മാള്‍ മാനേജ്‌മെന്റ് കമ്പനി ഫഌറ്റ് നിര്‍മാണത്തിന് സര്‍ക്കാര്‍ ഭൂമി കൈയേറിയത് മനപ്പൂര്‍വമല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വകാര്യ കമ്പനിയുടെ കൈവശം 135.13 സെന്റ് സ്ഥലമുണ്ടെന്നും മുന്‍പ്രമാണമനുസരിച്ച് 118.5 സെന്റ് സ്ഥലം മാത്രമാണ് കമ്പനിയുടെ പക്കലുള്ളതെന്നും 2009 ല്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ സര്‍ക്കാറിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കമ്പനിയുടെ കൈവശം സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിട്ടുണ്ടാവാമെന്നും എ ജി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റവന്യൂ ഡിവിഷനല്‍ ഓഫീസര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ 118.5 സെന്റ് സ്ഥലം ആവൃതി മാളിന് നിയമാനുസൃതം കൈമാറി ലഭിച്ചതില്‍ നികുതി അടച്ച് കൈവശം വെച്ചുവരുന്നതാണ്. ബാക്കി വരുന്ന 16.635 സെന്റ് സ്ഥലം നിയമാനുസൃതമല്ലാതെ കമ്പനി കൈവശപ്പെടുത്തിയതാണെന്ന് കണ്ടെത്തി. ജില്ലാ കലക്ടറുടെ ശിപാര്‍ശപ്രകാരം ഈ സ്ഥലം കമ്പനിയുടെ അറിവോടും സമ്മതത്തോടുംകൂടി സര്‍ക്കാര്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ റവന്യൂ അധികാരികളുടെയും വാട്ടര്‍ അതോറിറ്റിയുടെയും റിപോര്‍ട്ടുകള്‍ സൂക്ഷ്മമായി പരിശോധിച്ചതില്‍ കമ്പനി മനപ്പൂര്‍വം ഭൂമി കൈവശപ്പെടുത്തിയതാണെന്ന് പറയാനാകില്ലെന്നാണ് കലക്ടറുടെ റിപോര്‍ട്ട്.
സര്‍ക്കാര്‍ ഭൂമി കൈയേറിയ കമ്പനിക്കെതിരെ നിയമനടപടിയുണ്ടാവുമോയെന്ന ചോദ്യത്തിന്, ഭൂമി തിരിച്ചുപിടിച്ചല്ലോയെന്നായിരുന്നു മറുപടി. സ്വകാര്യ കമ്പനി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നും കലക്ടറുടെ റിപോര്‍ട്ടില്‍ വൈരുധ്യമുണ്ടെന്നും ലാന്‍ഡ് റവന്യൂ കമ്മീഷണറും വിജിലന്‍സും റിപോര്‍ട്ട് നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സര്‍വേ ആന്‍ഡ് ബൗണ്ടറി ആക്ട് പ്രകാരവും ലാന്‍ഡ് കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരവും കലക്ടറുടെ റിപോര്‍ട്ടാണ് അന്തിമമായി അംഗീകരിക്കേണ്ടതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.