ലോകത്ത് ഏറ്റവും വാടക ദുബൈയില്‍; ഇടനിലക്കാരുടെ കളിയെന്ന് താമസക്കാര്‍

Posted on: July 4, 2014 7:45 pm | Last updated: July 4, 2014 at 7:46 pm

dubaiദുബൈ: ലോകത്ത് ഏറ്റവും വാടക ദുബൈയില്‍. ലണ്ടനെയും ഹോങ്കോങ്ങിനെയും കടത്തിവെട്ടിയാണ് വാടക കുതിക്കുന്നതെന്ന് ‘നൈറ്റ് ഫ്രാങ്ക്’ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പലരും ഭയപ്പാടിലാണ്. ശമ്പളപ്പെരുപ്പത്തേക്കാള്‍ വേഗത്തിലാണ് വാടക ഉയരുന്നത്. പലരും ബേങ്കില്‍ നിന്ന് വായ്പ വാങ്ങിയാണ് വാടക നല്‍കുന്നത്.
ദുബൈയില്‍ മാര്‍ച്ച് മധ്യത്തോടെ വീട്ടുവാടക 16 ശതമാനം വര്‍ധിച്ചു. ലണ്ടനിലും ഹോങ്കോങ്ങിലും യഥാക്രമം രണ്ടും 6.3ഉം ശതമാനം കുറയുകയാണ് ചെയ്തത്. ദുബൈയില്‍ ചില കേന്ദ്രങ്ങളില്‍ 20 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഷാര്‍ജയിലേക്കും വര്‍ധന പടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. വേള്‍ഡ് എക്‌സ്‌പോ 2020 ചൂണ്ടിക്കാട്ടി ഇടനിലക്കാര്‍ കൃത്രിമ ക്ഷാമമുണ്ടാക്കിയാണ് വാടക വര്‍ധിപ്പിക്കുന്നത്. ദുബൈയില്‍ നൈഫ് റോഡില്‍ സ്റ്റുഡിയോ ഫഌറ്റിന് കഴിഞ്ഞവര്‍ഷം ശരാശരി 20,000 ദിര്‍ഹമായിരുന്നു പ്രതിവര്‍ഷ വാടക. ഇപ്പോള്‍ അത് 30,000 ലധികമായി. ധാരാളം കെട്ടിടങ്ങള്‍ കാലിയായി കിടക്കുമ്പോഴും വാടക കുറയുന്നില്ല.
കഴിഞ്ഞ മാസം മുതല്‍ നിരവധി പേര്‍ കുടുംബത്തെ നാട്ടിലേക്കയക്കുന്നു. വേനലവധിക്ക് നാട്ടിലേക്ക് പോകുന്നവരില്‍ നല്ലൊരു വിഭാഗം കുടുംബത്തെ തിരിച്ചുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതച്ചെലവ് ക്രമാതീതമായി വര്‍ധിച്ചതാണ് കാരണം. ഇവര്‍ ഒഴിച്ചിട്ട താമസസ്ഥലങ്ങളിലേക്ക് ബാച്ചിലര്‍മാര്‍ ചേക്കേറുകയാണ്. എന്നാല്‍, ചില റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ബാച്ചിലര്‍മാര്‍ക്ക് മുറി നല്‍കുന്നില്ല. ഇതും വാടക വര്‍ധനവിന് കാരണമാകുന്നു.