പോലീസിന്റെ സ്‌മൈല്‍ പദ്ധതി: ഉദ്ഘാടനം ഏഴിന്

Posted on: July 4, 2014 8:27 am | Last updated: July 5, 2014 at 12:20 am

തിരുവന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ക്കിരയാവുന്നവര്‍ക്ക് പ്രഥമശുശ്രൂഷയും അടിയന്തര വൈദ്യസഹായവും കൂടുതല്‍ ഫലപ്രദമായി ലഭ്യമാക്കുന്നതിന് സംസ്ഥാന പോലീസ് പദ്ധതി ആവിഷ്‌കരിച്ചു. ട്രാഫിക് പോലീസിനും ഹൈവേകളിലുള്ള ലോക്കല്‍ പോലീസിനും പ്രഥമശുശ്രൂഷയില്‍ സവിശേഷ പരിശീലനവും അവശ്യംവേണ്ട ഉപകരണങ്ങളും നല്‍കി അപകടങ്ങളില്‍ അടിയന്തര ഇടപെടല്‍ ഉറപ്പുവരുത്തുന്ന പദ്ധതിയാണ്് ‘സീംലെസ്സ് മെഡിക്കല്‍ ഇന്റര്‍വെന്‍ഷന്‍ ഫോര്‍ ലൈഫ്‌കെയര്‍ & എമര്‍ജന്‍സി’- (ടങകഘഋ)’ സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ആവിഷ്‌കരിച്ചിട്ടുള്ള സ്‌മൈല്‍’ പദ്ധതിയുടെ ഉദ്ഘാടനവും ട്രാഫിക് പോലീസിനുള്ള ട്രോമ കെയര്‍ പരിശീലനവും ഈമാസം ഏഴിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജില്‍ ഏഴിന് രാവിലെ എട്ട് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ ,മേയര്‍ കെ ചന്ദ്രിക , സംസ്ഥാന പോലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യന്‍, എ ഡി ജി പിമാരായ എം.എന്‍ കൃഷ്ണമൂര്‍ത്തി, ആര്‍ ശ്രീലേഖ, ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.ഇളങ്കോവന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.വി ഗീത, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പി കെ ജമീല, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷ് എന്നിവര്‍ പങ്കെടുക്കും.