Connect with us

Kasargod

കപ്പലോട്ടക്കാരുടെ യൗവ്വന കൂട്ടയ്മയില്‍ ഉദുമ ഗവ എല്‍ പി സ്‌കൂളിന് കഞ്ഞിപ്പുര

Published

|

Last Updated

ഉദുമ: കപ്പലോട്ടക്കാരുടെ യൗവന കൂട്ടായ്മയായ മര്‍ച്ചന്റ് നേവി യൂത്ത് വിംഗ് കോട്ടിക്കുളത്തിന്റെ വകയില്‍ ഉദുമ ഗവ എല്‍ പി സ്‌കൂളില്‍ നിര്‍മിച്ച കഞ്ഞിപ്പുര നാളെ സ്‌കൂളിന് സമര്‍പ്പിക്കും. നാലര ലക്ഷംരൂപ മുടക്കി അടുക്കളയും കുട്ടികള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള മുറികളോടു കൂടിയാണ് കഞ്ഞിപ്പുര നിര്‍മിച്ചത്.
ഇന്ത്യന്‍ കപ്പലോട്ടകാരുടെ ദേശീയ സംഘടനയായ നാഷണല്‍ യൂണിയന്‍ ഓഫ് സീഫയേഴ്‌സ് ഓഫ് ഇന്ത്യ (ന്യൂസി)യുടെ മാര്‍ഗ ദീപമായി 5 വര്‍ഷം മുമ്പാണ് കാസര്‍കോട് ആസ്ഥാനമായി ഉദുമ കോട്ടിക്കുളത്ത് മര്‍ച്ചന്റ് നേവി യൂത്ത് വിംഗ് രൂപവത്കരിച്ചത്. ന്യസി ഇന്റര്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷന്‍ ഫോര്‍ ഇന്ത്യന്‍ സീഫയേഴ്‌സ് സഹകരണത്തോടെ കോട്ടിക്കുളം മര്‍ച്ചന്റ് നേവി യൂത്ത്‌വിംഗ് ഒരു വര്‍ഷം മുമ്പാണ് കഞ്ഞിപ്പുരയുടെ നിര്‍മാണം ആരംഭിച്ചത്
നാളെ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി ടീച്ചറുടെ അധ്യക്ഷതയില്‍ ഉദുമ എം എല്‍ എ. കെ കുഞ്ഞിരാമന്‍ കഞ്ഞിപ്പുരയുടെ ഉദ്ഘാടനം നിര്‍വഹിക്കും. യൂത്ത്‌വിംഗ് നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് ബോധവത്കരണം, എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക് ഐക്യദാര്‍ഡ്യം, രക്തദാനം നിര്‍ദ്ദനരായ രോഗികള്‍ക്ക് ചികിത്സ സഹായം, അപകടത്തില്‍പ്പെട്ട കപ്പലോട്ടക്കാര്‍ക്ക് ധനസഹായം തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടത്തികഴിഞ്ഞു. കപ്പല്‍ ജീവിതത്തിന്റെ ഇടവേളയില്‍ കിട്ടുന്ന ചുരുങ്ങിയ സമയങ്ങളിലാണ് കൂട്ടായ്മ ഇത്തരം സംരഭങ്ങള്‍ നടത്തിവരുന്നത്.
ന്യൂസിയുടെ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗനി വൈ സെറാഗ്, ദേശീയ സമിതിയംഗം ടി വി സുരേഷ് പള്ളം, കോട്ടിക്കുളം മര്‍ച്ചന്റ്‌നേവി യൂത്ത്‌വിംഗ് പ്രസിഡന്റ്് രാമചന്ദ്രന്‍ ഇടയില്ലം, സെക്രട്ടറി സന്തോഷ് ഞെക്ലി, മധു സി വി, സുനില്‍ കോട്ടിക്കുളം, സുനില്‍ കൊക്കാല്‍, രാജേന്ദ്രന്‍ മുദിയക്കാല്‍, തുടങ്ങിയവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

Latest