രാഷ്ട്രീയ പാര്‍ട്ടികളെ നിരീക്ഷിക്കാന്‍ യു എസ് കോടതി അനുമതി നല്‍കിയ രേഖകള്‍ പുറത്ത്

Posted on: July 2, 2014 12:22 am | Last updated: July 2, 2014 at 12:22 am

political-parties1വാഷിംഗ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെ 193 രാജ്യങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് അമേരിക്കന്‍ കോടതി അനുമതി നല്‍കി. 2010ലാണ് ദേശീയ സുരക്ഷാ ഏജന്‍സിക്ക് (എന്‍ എസ് എ) ആഗോളതലത്തില്‍ നാല് രാജ്യങ്ങള്‍ ഒഴികെയുള്ളവയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ യു എസ് കോടതി അനുമതി നല്‍കിയത്. ഇതിന്റെ രേഖകള്‍ പുറത്തുവന്നു. വിദേശ രാജ്യങ്ങളെ നിരീക്ഷിക്കാന്‍ എന്‍ എസ് എക്ക് അനുമതിയുണ്ടെങ്കിലും ബ്രിട്ടന്‍, കാനഡ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളെ അമേരിക്ക അതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇതിനു പുറമെ ബി ജെ പി ഉള്‍പ്പെടെ ആഗോളതലത്തിലെ ആറ് രാഷ്ട്രീയ പാര്‍ട്ടികളെ നിരീക്ഷിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ബി ജെ പിയെ കൂടാതെ ഈജിപ്തിലെ പാര്‍ട്ടികളായ മുസ്‌ലിം ബ്രദര്‍ഹുഡ്, നാഷനല്‍ സാല്‍വേഷന്‍ ഫ്രണ്ട്. പാക്കിസ്ഥാനിലെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി, ലെബനാനിലെ അമല്‍ പാര്‍ട്ടി, വെനസ്വേലയിലെ ബൊളിവേറിയന്‍ കോണ്ടിനെന്റല്‍ കോ ഓര്‍ഡിനേറ്റര്‍ എന്നീ രാഷ്ട്രീയ പാര്‍ട്ടികളെ നിരീക്ഷിക്കാനാണ് യു എസ് കോടതി അനുമതി നല്‍കിയത്.
ഇന്ത്യ ഉള്‍പ്പെടെ 193 രാജ്യങ്ങളിലെ സര്‍ക്കാറുകള്‍, സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയെ ഉള്‍പ്പെടെ നിരീക്ഷിക്കാനാണ് ഫോറിന്‍ ഇന്റലിജന്‍സ് സര്‍വൈലന്‍സ് കോടതി ദേശീയ സുരക്ഷാ ഏജന്‍സിക്ക് അനുമതി നല്‍കിയതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
വിക്കിലീക്‌സ് സ്ഥാപകനായ എഡ്വോര്‍ഡ് സ്‌നോഡെന്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് പത്രം വാര്‍ത്ത നല്‍കിയത്.
2008ലെ ഫിസ ഭേദഗതി നിയമത്തിലെ 702 ാം വകുപ്പ് പ്രകാരം ഓരോ വര്‍ഷവും വിദേശ രാജ്യങ്ങളെ നിരീക്ഷിക്കുന്നതിന് കോടതിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. വിദേശ രാജ്യങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് അമേരിക്ക ഇത് ചെയ്യുന്നത്. രാജ്യങ്ങള്‍ക്ക് പുറമെ ലോക ബേങ്ക്, അന്താരാഷ്ട്ര നാണയ നിധി, യൂറോപ്യന്‍ യൂനിയന്‍, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ), യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബേങ്ക്, ആഫ്രിക്കന്‍ യൂനിയന്‍, ലീഗ് ഓഫ് അറബ് സ്റ്റേറ്റ്‌സ് എന്നിവയും അമേരിക്കയുടെ നിരീക്ഷണത്തിലായിരുന്നു.