ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍

Posted on: July 1, 2014 11:15 am | Last updated: July 1, 2014 at 11:15 am

milkവണ്ടൂര്‍: കൂരാട് മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ കന്നുകാലികളില്‍ പേ വിഷബാധയേറ്റ് വളര്‍ത്തുമൃഗങ്ങള്‍ ചാകുന്നത് വ്യാപകമായതോടെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലായി.
മൃഗപരിപാലനവുമായി കഴിഞ്ഞുപോകുന്ന കുടുംബങ്ങളാണ് ഇതോടെ ഏറെ പ്രതിസന്ധിയിലായത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും രോഗ ബാധയുണ്ടാകുമെന്ന ഭയംമൂലം മൃഗങ്ങളുടെ പാല്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ജനങ്ങള്‍ ഉപേക്ഷിക്കുകയാണ്. ചാകുന്ന മൃഗങ്ങളെ പരിപാലിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ ഒന്നടങ്കം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി പേവിഷബാധക്കെതിരെയുള്ള കുത്തിവയ്പ് എടുത്തിട്ടുണ്ട്. ഇതോടെ മറ്റു മൃഗങ്ങളില്‍ നിന്ന് കറന്നെടുക്കുന്ന പാല്‍ വാങ്ങാനും മടിക്കുന്നവരുണ്ട്. മൃഗങ്ങളുടെ പാലിലൂടെ പേവിഷ ബാധ പടരുകയില്ലെന്നും ഇക്കാര്യത്തില്‍ ആശങ്കപെടേണ്ടെന്നും മൃഗ ഡോക്ടര്‍ അന്‍വര്‍ അറിയിച്ചു. ഇതിനിടെ മഞ്ഞപ്പെട്ടിയിലെ പരുത്തികുന്നന്‍ അലവിയുടെ പശു കഴിഞ്ഞ ദിവസം പേ ലക്ഷണങ്ങളോടെ ചത്തു. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ കൂരാട്, മാടമ്പം, താണീരി, മഞ്ഞപ്പെട്ടി, മാളിയേക്കല്‍ ഭാഗങ്ങളിലായി ചാകുന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം പതിനൊന്നായി. മാസം മുമ്പ് നാല്‍പത് സെന്റ് കോളിനിയിലെ രണ്ടു ആടുകള്‍ പേ വിഷബാധിച്ച് ചത്തിരുന്നു. ഈ മേഖലയില്‍ സൈ്വരവിഹാരം നടത്തുന്ന നായകളില്‍ നിന്നാണ് ആടുകളിലേക്ക് രോഗബാധയുണ്ടായതെന്ന് കരുതുന്നു. പിന്നീടാണ് കൂരാട് മേഖലയിലും പരിസരങ്ങളിലുമായി കന്നുകാലികളും ചത്തത്. അതെസമയം വളര്‍ത്തുമൃഗങ്ങള്‍ ചാകുന്നതും ജനങ്ങള്‍ ഭീതിയിലാകുന്ന സാഹചര്യമുണ്ടായിട്ടും ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്.