പുതിയ തീവണ്ടി സമയം നിലവില്‍ വന്നു എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ ദുരിതയാത്രക്ക് പരിഹാരമായില്ല

Posted on: July 1, 2014 11:07 am | Last updated: July 1, 2014 at 11:07 am

trainപാലക്കാട്: പുതിയ തീവണ്ടി സമയം നിലവില്‍ വന്നെങ്കിലും 56608 എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ ദുരിതയാത്രക്ക് പരിഹാരമായില്ല. വൈകീട്ട് 5.30ന് എറണാകുളത്ത് നിന്നും പുറപ്പെട്ടിരുന്നത് ജൂലൈ ഒന്ന് മുതലാണ് 6.05ലേക്ക് മാറ്റിയത്.
അതിനുശേഷം ഇന്നുവരെ ട്രെയിന്‍ സമയ ത്തിന് തൃശൂരിലെത്തിയിട്ടില്ലകന്യാകുമാരി ബംഗളൂരു എക്‌സ്പ്രസും തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദിയും കടന്നുപോയ ശേഷമേ പാസഞ്ചര്‍ എറണാകുളം ടൗണ്‍ സ്‌റ്റേഷനിലേക്ക് പ്രവേശിപ്പിക്കാറുള്ളൂ. ഇവ പലപ്പോഴും വൈകുമ്പോള്‍ പാസഞ്ചര്‍ ജങ്ഷനില്‍ നിന്നും പുറപ്പെടുന്നത് 6.30ലേക്കോ അതിനും അപ്പുറത്തേക്കുമോ നീളും.
സമയത്തിന് വിട്ടാല്‍ തന്നെ ഇടപ്പള്ളിയിലോ, കളമശേരിയിലോ പിടിച്ചിടുന്നതും പതിവാണ്. ജനശതാബ്ദി ഇല്ലാത്ത ദിവസങ്ങളില്‍ ചരക്ക് വണ്ടികള്‍ കടത്തി വിടും. രാത്രി 8.03ന് തൃശൂരിലെത്തേണ്ട പാസഞ്ചര്‍ മിക്കവാറും ദിവസങ്ങളില്‍ 8.30നും 8.45നും ഇടയിലാണെത്തുന്നത്. ചിലദിവസങ്ങളില്‍ ഒമ്പത് ആവാറുണ്ട്.
വൈകീട്ട് ജോലി സമയത്തിന് ശേഷമുള്ള ആദ്യ പാസഞ്ചര്‍ വണ്ടിയെന്ന നിലയില്‍ ഷൊര്‍ണൂര്‍ പാസഞ്ചറിനെ ആശ്രയിക്കുന്ന സ്ത്രീകളടക്കം സ്ഥിരം യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പ്രത്യേകിച്ചും ചെറിയ സ്‌റ്റേഷനുകളിലെ യാത്രക്കാര്‍. തീവണ്ടിയെത്തുമ്പോഴെക്കും പലരുടെയും അവസാന ബസ് പോയിരിക്കും. സ്ത്രീകള്‍ക്ക് വീട്ടില്‍ നിന്നും ആളെ വിളിച്ച് വരുത്തേണ്ട സാഹചര്യമാണുണ്ടാകുന്നത്. 56608 എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ പഴയ സമയം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സ്‌റ്റേഷനുകളിലെ യാത്രക്കാര്‍ റെയില്‍വേ അധികൃതര്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതി നല്‍കിയിരുന്നുന്നെങ്കിലും നടപടിയായിട്ടില്ല.
ട്രെയിന്‍ സമയനിഷ്ഠ പാലിച്ച് ബുദ്ധിമുട്ട് ഒരുപരിധിവരെയെങ്കിലും പരിഹരിക്കണമെന്നും തുടര്‍ന്ന് സമയക്രമം പുനര്‍നിര്‍ണയിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.