Connect with us

Kannur

ഡി എ മുടങ്ങിയിട്ട് ഒരു വര്‍ഷം മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ ആനുകൂല്യം വീണ്ടും വെട്ടിക്കുറച്ചു

Published

|

Last Updated

പയ്യന്നൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ക്ഷാമബത്ത വെട്ടിക്കുറച്ച് ക്ഷേത്ര ജീവനക്കാരോട് വീണ്ടും ബോര്‍ഡ് അധികൃതരുടെയും സര്‍ക്കാറിന്റെയും അവഗണന. അനിശ്ചിതത്വം തുടരുന്നതിനാല്‍ ഒരു വര്‍ഷമായി ക്ഷേത്ര ജീവനക്കാരുടെ ക്ഷാമബത്ത മുടങ്ങിക്കിടക്കുകയാണ്. ശമ്പളമടക്കമുള്ള പല ആനുകൂല്യങ്ങളും ലഭിക്കാതെ ദുരിതത്തിലായ ക്ഷേത്ര ജീവനക്കാരുടെ അര്‍ഹതപ്പെട്ട ക്ഷാമബത്ത പോലും നിഷേധിക്കുന്ന ബോര്‍ഡ് ഭരണാധികാരികളുടെ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
2008ല്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപവത്കരിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ക്ഷാമബത്തക്ക് ക്ഷേത്ര ജീവനക്കാര്‍ക്കും അര്‍ഹതയുണ്ടായിരിക്കുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ആ ഉത്തരവ് അട്ടിമറിക്കുന്ന നടപടികളാണ് ബോര്‍ഡ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് എന്നാണ് ക്ഷേത്ര ജീവനക്കാരുടെ പരാതി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്കിലാണ് ഇപ്പോഴും ക്ഷാമബത്ത നല്‍കുന്നത്.
അതിന്‌ശേഷം രണ്ട് തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഡി എ പ്രഖ്യാപിച്ചുവെങ്കിലും അത് ക്ഷേത്ര ജീവനക്കാര്‍ക്ക് അനുവദിച്ച് നല്‍കാന്‍ ബോര്‍ഡ് ഭരണ സമിതി തയ്യാറായിട്ടില്ല. പഴയ ശമ്പള സ്‌കെയിലിലാണ് ക്ഷേത്രജീവനക്കാര്‍ക്ക് ശമ്പളം നല്‍കിവരുന്നത്. അതുകൊണ്ടുതന്നെ ആ നിരക്കില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഡി എക്ക്് ക്ഷേത്ര ജീവനക്കാര്‍ക്ക് അവകാശമുണ്ടെങ്കിലും ഒരു വര്‍ഷമായി ഡി എ നിഷേധിക്കുകയാണ്.
ബോര്‍ഡിന് കീഴിലെ മലബാറിലെ ആറായിരത്തോളം വരുന്ന ക്ഷേത്രങ്ങളില്‍ മഹാഭൂരിപക്ഷവും വരുമാനം കുറഞ്ഞ ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളാണ്. സ്വന്തമായി ശമ്പളം നല്‍കാന്‍ സാധിക്കാത്ത ഇത്തരം ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളവും ശമ്പളക്കുടിശ്ശികയും മുടങ്ങിക്കിടക്കുകയാണ്.