ബൃന്ദാവന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സും മര്‍കസ് നോളജ് സിറ്റിയും കൈകോര്‍ക്കുന്നു

Posted on: May 10, 2014 5:22 pm | Last updated: May 11, 2014 at 11:13 am

MKC SYNERGY MEET

കോഴിക്കോട്: ബംഗ്‌ളുരുവിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ബൃന്ദാവന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സും മര്‍കസ് നോളജ് സിറ്റിയും പ്രൊഫഷനല്‍ വിദ്യാഭ്യാസ രംഗത്ത് കൈകോര്‍ക്കുന്നു. കാരന്തൂര്‍ മര്‍കസില്‍ നടന്ന സൈനര്‍ജി മീറ്റില്‍ ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ബൃന്ദാവന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. മജീദ് എ എ സബയും നോളജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ഒപ്പിട്ടു.

മര്‍കസ് നോളജ് സിറ്റിയില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ടെക്‌നോളജി തുടങ്ങുന്നതിനാണ് ബൃന്ദാവന്‍ ഗ്രൂപ്പുമായി ധാരണയായത്. എഞ്ചിനീയിറിംഗ് പഠനരംഗത്ത് അന്തര്‍ദേശീയ നിലവാരവും ഗവേഷണ സ്വഭാവവുമുള്ള കോളജാണ് ലക്ഷ്യമാക്കുന്നത്. അക്കാദമിക് സഹകരണം, അദ്ധ്യാപക- വിദ്യാര്‍ത്ഥി കൈമാറ്റം, ഗവേഷണം എന്നീ മേഖലകളിലാണ് ഇരു വിദ്യാഭ്യാസ സ്ഥാപനങ്ങളും ധാരണയായത്. ഇതിന്റെ ഭാഗമായി ഈ അദ്ധ്യയന വര്‍ഷം കേരളത്തില്‍ നിന്നുള്ള നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍കസ് മുഖേന ബൃന്ദാവന്‍ കോളജില്‍ പ്രൊഫഷനല്‍ രംഗത്ത് ഉന്നതപഠനത്തിന് അവസരം നല്‍കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. മജീദ് എ എ സബ വാഗ്ദാനം നല്‍കി. ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് മര്‍കസ് നോളജ് സിറ്റി. വിദ്യാഭ്യാസ, സാമ്പത്തിക രംഗത്ത് പിന്നാക്കം നല്‍ക്കുന്ന ന്യൂനപക്ഷസമൂഹങ്ങളെ മുഖ്യധാരയിലേക്ക് നയിക്കുന്ന ശൈഖ് അബൂബക്കര്‍ അഹ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. മജീദ് എ എ സബ 1993 ല്‍ ബംഗ്‌ളുരു അസ്ഥാനമായി ആരംഭിച്ച ബൃന്ദാവന്‍ കോളജില്‍ ഇപ്പോള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 46 വിദേശരാജ്യങ്ങളില്‍ നിന്നുമായി 3000 വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനം നടത്തുന്നുണ്ട്.

സൈനര്‍ജി മീറ്റില്‍ മര്‍കസ് നോളജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. നോളജ് സിറ്റി സി ഇ ഒ ഡോ.അബ്ദുസ്സലാം പ്രസന്റേഷന്‍ അവതരിപ്പിച്ചു. ബൃന്ദാവന്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഡോ.മുഷ്താഖ് അഹ്മദ്, മുഹമ്മദ് ഇസ്മാഈല്‍, മര്‍കസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രിന്‍സിപ്പല്‍മാര്‍, മാനേജര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി മൂഹമ്മദ് ഫൈസി സ്വാഗതവും നോളജ് സിറ്റി സി.ഒ.ഒ ഇ വി അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

ALSO READ  ലാൻഡ്‌മാർക്ക് ബിൽഡേഴ്സ് ഇൻവെസ്റ്റ്‌മെന്റ് കോൺക്ലേവിന് നോളജ് സിറ്റിയിൽ തുടക്കമായി