Connect with us

Kerala

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വാര്‍ഡുകള്‍ക്ക് 25,000 രൂപ നല്‍കും

Published

|

Last Updated

തിരുവനന്തപുരം: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സംസ്ഥാനത്ത് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവന്‍ തദ്ദേശ ഭരണ വാര്‍ഡുകള്‍ക്കും 25,000 രൂപ വീതം ഉടന്‍ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യ മന്ത്രി വൈസ് ചെയര്‍മാനുമായുള്ള ഏകോപന സമിതി രൂപവത്കരിച്ചു. സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, മഞ്ഞപ്പിത്തം എന്നിവ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞതായും പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വിളിച്ചുചേര്‍ത്ത യോഗം വിലയിരുത്തി.
ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ജനപ്രതിനിധികളുടെയും ജില്ലാ കലക്ടര്‍മാരുടെയും നേതൃത്വത്തില്‍ ജില്ലാതല സമിതികള്‍ ഉടന്‍ രൂപവത്കരിക്കും. മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലും എല്ലാ ബുധനാഴ്ചകളിലും ആരോഗ്യ അസംബ്ലികള്‍ സംഘടിപ്പിച്ച് പകര്‍ച്ചവ്യാധി ബോധവത്കരണവും പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതപ്പെടുത്തും.
സ്റ്റുഡന്റ്‌സ് പോലീസ്, എന്‍ സി സി, എന്‍ എസ് എസ്, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നിവയുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തും. എല്ലാ തദ്ദേശ ഭരണ വാര്‍ഡുകളിലും ആഴ്ചയിലൊരു ദിവസം വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനങ്ങള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കുടിവെള്ള ക്ഷാമം നേരിടാവുന്ന, തീരദേശ മേഖലകളിലും ഇതരപ്രദേശങ്ങളിലും വാട്ടര്‍ അതോറിറ്റി കുടിവെള്ളമെത്തെിക്കും. ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ പരിശോധന കര്‍ശനമാക്കും.
ആരോഗ്യ വകുപ്പ് നല്‍കുന്ന വാട്ടര്‍ സാമ്പിളുകള്‍ വാട്ടര്‍ അതോറിറ്റി ലാബുകളില്‍ സൗജന്യമായി പരിശോധിച്ച് നല്‍കും. പഞ്ചായത്തുകളും ജലനിധിയും നടത്തുന്ന കുടിവെള്ള പദ്ധതികളില്‍ വെള്ളം ശുദ്ധീകരിച്ചും ക്ലോറിനേറ്റ് ചെയ്തുമാണ് വിതരണം ചെയ്യുക. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ജോലി ചെയ്യുന്ന മുഴുവന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും സേവനം മഴക്കാലത്ത് പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് പ്രയോജനപ്പെടുത്തണമെന്ന് യോഗം നിര്‍ദേശിച്ചു.
യോഗത്തില്‍ ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍, ആരോഗ്യ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, അനുബന്ധ വകുപ്പുകളുടെ സെക്രട്ടറിമാര്‍, മറ്റു ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുത്തു.