കോടികള്‍ ചെലവഴിച്ച് തുടങ്ങിയ പുഴയോരത്തെ കുടിവെള്ളപദ്ധതി നോക്കുകുത്തിയായി

Posted on: April 26, 2014 8:20 am | Last updated: April 26, 2014 at 8:20 am

വടക്കഞ്ചേരി: കോടികള്‍ ചെലവഴിച്ച് തുടങ്ങിയ പുഴയോരത്തെ കുടിവെള്ളപദ്ധതി നോക്കുകുത്തിയായി. കുടിവെള്ളവിതരണം നടത്താന്‍ പുതിയ കുഴല്‍ക്കിണര്‍ കുഴിച്ച് വീണ്ടും ലക്ഷങ്ങളുടെ ധൂര്‍ത്ത്. മംഗലംപുഴയില്‍ കോടികള്‍ ചെലവഴിച്ച് തുടങ്ങിയ പുഴയോരത്തെ കുടിവെള്ളപദ്ധതിയാണ് നോക്കുകുത്തിയായി.
കുടിവെള്ളവിതരണം നടത്താന്‍ പുതിയ കുഴല്‍ക്കിണര്‍ കുഴിച്ച് വീണ്ടും ലക്ഷങ്ങളുടെ ധൂര്‍ത്ത്. മംഗലംപുഴയില്‍ പുഴക്കല്‍പറമ്പ് കടാംങ്കോട് ഭാഗത്താണ് വാട്ടര്‍ അതോറിറ്റിയുടെയും പഞ്ചായത്തിന്റെ ഈ അനാസ്ഥ.—നാലുവര്‍ഷംമുമ്പാണ് കോടികള്‍ ചെലവഴിച്ച് മംഗലംപുഴ സ്രോതസാക്കി ബൃഹത്തായ കുടിവെള്ളപദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ രണ്ടുവര്‍ഷം മാത്രമാണ് പദ്ധതിവഴി ജലവിതരണം നടന്നത്. തുടര്‍ന്ന് പദ്ധതിക്കായി നിര്‍മിച്ച പുഴയിലെ ചെക്ക്ഡാം തകര്‍ന്ന് പുഴയില്‍ വെള്ളമില്ലാതായി.
നിരവധി പരാതികള്‍ ഉയര്‍ന്നപ്പോള്‍ ചെക്ക്ഡാം താത്കാലികമായി അറ്റകുറ്റപ്പണി നടത്തി അധികൃതര്‍ നിര്‍മാണത്തിലെ അപാകത മൂടിവച്ചു. ഈ വര്‍ഷം പുഴയില്‍ വെള്ളമുണെ്ടങ്കിലും മാലിന്യം കലര്‍ന്ന് കുടിവെള്ളത്തിന് ഉപയോഗിക്കാനാകാത്ത സ്ഥിതിയാണുള്ളത്.—ഇതിനിടെ ചെക്ക്ഡാമിലെ മത്സ്യം പിടിക്കാന്‍ ആളുകള്‍ വെള്ളത്തില്‍ വിഷാംശം കലര്‍ത്തിയതോടെ വെള്ളം കുടൂതല്‍ മലിനമായി. മലിനജലം കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്നത് പ്രദേശവാസികളുടെ പ്രതിഷേധത്തിനും കാരണമായി. ഇതേ തുടര്‍ന്ന് പദ്ധതിപ്രദേശത്തു തന്നെ ലക്ഷങ്ങള്‍ ചെലവഴിച്ച് പുതിയ കുഴല്‍ക്കിണര്‍ കുഴിച്ചു.
ഇതില്‍നിന്നാണ് ഇപ്പോള്‍ കണ്ണമ്പ്ര പഞ്ചായത്തിലേക്ക് കുടിവെള്ളവിതരണം നടത്തുന്നത്. പുഴയിലെ വെള്ളം വേണ്ടവിധം സംരക്ഷിക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കോടികളുടെ കുടിവെള്ളപദ്ധതി നോക്കുകുത്തിയാകാന്‍ കാരണമായതെന്നു പറയപ്പെടുന്നു.
തുണികഴുകാന്‍പോലും കഴിയാത്തവിധം പുഴയിലെ വെള്ളം മലിനമായിരിക്കുകയാണ്. മത്സ്യങ്ങളും മറ്റു ജലജീവികളും വിഷാംശത്തെ തുടര്‍ന്ന് ചത്തുപൊന്തി കടുത്ത ദുര്‍ഗന്ധമാണ് ഉണ്ടാകുന്നത്. പ്രദേശത്തെ കിണറുകളിലും ജലസ്രോതസുകളിലെ വെള്ളവും മലിനമാകുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. നിരവധിയാളുകള്‍ വേനലില്‍ തുണികഴുകുന്നതിനും കുളിക്കുന്നതിനും പുഴയെയാണ് ആശ്രയിച്ചിരുന്നത്.