Connect with us

International

മലേഷ്യന്‍ വിമാനം: തിരച്ചില്‍ രാജ്യത്തിന് വെല്ലുവിളിയാകുന്നു

Published

|

Last Updated

ക്വലാലംപൂര്‍: മലേഷ്യയിലെ കാണാതായ എം എച്ച് 370 വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ ചെലവ് രാജ്യത്തിന് വെല്ലുവിളിയാകുന്നു. ഇന്ത്യന്‍ മഹാ സമുദ്രത്തിലാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. 4.5 കീ മി ആഴത്തില്‍ തകര്‍ന്ന് കിടക്കുന്ന വിമാനം കണ്ടെത്താന്‍ കഴിയുന്ന സൈനിക ശക്തിയില്ലെന്ന് ഗതാഗത പ്രതിരോധ മന്ത്രി ഹിശാമുദ്ദീന്‍ ഹുസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ട്രാക്ടക്ടര്‍മാരെ ഏല്‍പ്പിക്കുകയാണെങ്കിലും അതിനുള്ള ചെലവ് വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലേഷ്യന്‍ വിമാനത്തിന്റെതെന്ന് കരുതുന്ന സിഗ്നല്‍ ലഭിച്ചത് മുതല്‍ ശക്തമായ തിരച്ചിലാണ് നടക്കുന്നത്. ആഴമേറിയ വിശാലമായ സമുദ്രത്തില്‍ നടത്തുന്ന തിരച്ചിലില്‍ തളര്‍ന്ന അവസ്ഥയിലാണ് മലേഷ്യന്‍ സര്‍ക്കാര്‍. 239 യാത്രക്കാരുമായി മലേഷ്യക്കും ചൈനക്കുമിടയിലെ വ്യോമ പരിധിയില്‍ നിന്ന് മാര്‍ച്ച് എട്ടിനാണ് വിമാനം കാണാതായത്. ബ്ലാക്ക് ബോക്‌സില്‍ നിന്ന് പള്‍സ് സിഗ്നല്‍ ലഭിച്ചതോടെ വിമാനം തകര്‍ന്നത് ഇന്ത്യന്‍ മഹാ സമുദ്രത്തിലാണെന്ന് ഉറപ്പിക്കുകയായിരുന്നു. വെള്ളത്തിനടിയിലൂടെ അമേരിക്കയും ആസ്‌ത്രേലിയയും പ്രത്യേകം തിരച്ചില്‍ നടത്തുന്നുണ്ട്. ആസ്‌ത്രേലിയയുടെ പ്രധാനമന്ത്രി ടോണി അബോട്ടിന്റെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര തലത്തിലെ തിരച്ചില്‍ നടക്കുന്നത്. തിരച്ചില്‍ പരാജയപ്പെട്ടാല്‍ അടുത്ത ഘട്ടം എന്താണെന്നതിനെ കുറിച്ചും ആലോചനകള്‍ തുടങ്ങിയിട്ടുണ്ട്. ബ്ലാക്ക് ബോക്‌സിലെ ബാറ്ററി നിര്‍ജീവമായിക്കഴിഞ്ഞുവെന്നാണ് നിഗമനം.

Latest