Connect with us

Ongoing News

ഇടുക്കിയില്‍ കസ്തൂരിരംഗന്‍ കണക്ക് പറയും

Published

|

Last Updated

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും അതേച്ചൊല്ലിയുണ്ടായ കത്തോലിക്കാ സഭയുടെ യു ഡി എഫിനോടുളള ഇടച്ചിലും ഇതു മുതലാക്കാനുളള എല്‍ ഡി എഫിന്റെ അടവു നയവുമാകും ഇക്കുറി ഇടുക്കിയിലെ വിധി നിര്‍ണയിക്കുക. സഭാ നിയന്ത്രണത്തിലുളള ഹൈറേഞ്ച് സംരക്ഷണ സമിതിയുമായുളള എല്‍ ഡി എഫ് ബാന്ധവത്തിന്റെ പേരില്‍ പരസ്യമായി യു ഡി എഫിനൊപ്പം നില്‍ക്കാനുള്ള വെള്ളാപ്പളളി ശാസനം കൂടിയായപ്പോള്‍ ഇടുക്കിയിലെ അടിയൊഴുക്കുകള്‍ പ്രവചനാതീതം. ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേശകന്‍ കൂടിയായ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോയിസ് ജോര്‍ജിന്റെ പേരിലുയര്‍ന്ന ഭൂമി വിവാദം പോളിംഗിന് തൊട്ടുമുമ്പും സജീവമായി തന്നെ നില്‍ക്കുന്നത് യു ഡി എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന് ഗുണകരമാകുമോ എന്നും പറയാനാകില്ല.
സിറ്റിംഗ് എം പി. പി ടി തോമസും ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലും തമ്മിലുള്ള വാക്പയറ്റ്, ഇടുക്കി സീറ്റിന് അവകാശം ഉന്നയിച്ച് കേരളാ കോണ്‍ഗ്രസ് (എം) എടുത്ത കടുത്ത നിലപാട് തുടങ്ങിയവ വിധിനിര്‍ണയത്തില്‍ സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണം യു ഡി എഫിനും മൂന്നെണ്ണം എല്‍ ഡി എഫിനുമൊപ്പമാണ്. 37000ത്തിലേറെ വോട്ടിന്റെ മുന്‍തൂക്കം യു ഡി എഫിന്. ഇത് ഇത്തവണയും അനുകൂലമാകുമെന്ന് യു ഡി എഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നു.
ഇടുക്കി, ഉടുമ്പഞ്ചോല നിയമസഭാ മണ്ഡലങ്ങളില്‍ കത്തിക്കാളുന്ന കസ്തൂരിരംഗന്‍വിരുദ്ധ വികാരം തണുപ്പിക്കാന്‍ യു ഡി എഫ് നേതാക്കള്‍ എത്ര ശ്രമിച്ചിട്ടും കാര്യമായ ഫലമുണ്ടായിട്ടില്ല. ഏത് ഇടതു തരംഗത്തിലും യു ഡി എഫിന് 15,000 വോട്ടിന് മീതെ ഭൂരിപക്ഷം നല്‍കിവരുന്ന നിയമസഭാ മണ്ഡലമാണ് ഇടുക്കി.