രാഹുലും ആന്റണിയും ജീവിക്കുന്നത് സ്വപ്‌നലോകത്തില്‍: യെച്ചൂരി

Posted on: April 6, 2014 2:50 am | Last updated: April 6, 2014 at 2:50 am

പാലക്കാട്: കോണ്‍ഗ്രസ് ഇന്ന് എത്തിനില്‍ക്കുന്ന അവസ്ഥ മനസിലാക്കാതെ രാഹുല്‍ഗാന്ധിയും എ കെ ആന്റണിയും ജീവിക്കുന്നത് സ്വപ്‌നലോകത്തിലാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ജില്ലയിലെ വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ 56 സിറ്റിങ് എംപിമാര്‍ ഇപ്പോള്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയാണ്. ബിെജപിക്ക് വൊട്ട് ചെയ്യൂ, സിറ്റിങ് എംപിയെ വീണ്ടും തെരഞ്ഞെടുക്കൂവെന്നാണ് ഡല്‍ഹിയിലെ തമാശ. തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷം കോണ്‍ഗ്രസിനെ പിന്തുണക്കേണ്ടിവരുമെന്ന് പറയുന്ന ആന്റണി കോണ്‍ഗ്രസിന്റെ നില എന്താണ് എന്ന് നോക്കുന്നതാണ് നല്ലത്. ഇടതുപക്ഷ മതനിരപേക്ഷ കക്ഷികളായിരിക്കും തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍വരിക. അവരുടെ പ്രധാനമന്ത്രിയാരാണെന്ന് ചോദിക്കുന്നതിന് അര്‍ഥമില്ല.
2004ല്‍ മന്‍മോഹന്‍സിങ് പ്രധാമന്ത്രിയാകുമെന്ന് ആരെങ്കിലും കരുതിയോ. 1996ല്‍ ദേവഗൗഡ പ്രധാനമന്ത്രിയായത് തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തെതുടര്‍ന്നല്ല. തിരഞ്ഞെടുപ്പിന്‌ശേഷമാണ് എല്ലാ സഖ്യങ്ങളും ഉണ്ടായിട്ടുള്ളത്. ബദല്‍നയങ്ങള്‍ക്കും വര്‍ഗീയതക്കെതിരെയും പോരാടുന്നവരുടെ കൂട്ടായ്മതിരഞ്ഞെടുപ്പിന്‌ശേഷം രൂപപ്പെടും. അപ്പോള്‍ സിപിഐ എം നിലപാടെടുക്കും. പ്രധാനമന്ത്രിയെ നേരത്തെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്ന പതിവ് സിപിഐ എമ്മിനില്ല. ഇപ്പോള്‍ കോണ്‍ഗ്രസും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടിയിട്ടില്ല.
കോണ്‍ഗ്രസും ബിജെപിയും ഒരേ രാഷ്ട്രീയം പറഞ്ഞാണ് വോട്ട് ചോദിക്കുന്നത്. എന്നാല്‍ ഇടതുപക്ഷ പാര്‍ടികള്‍ വ്യക്തമായ നയങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ നിരത്തിയാണ് വോട്ട് ചോദിക്കുന്നത്. അഴിമതിക്കും വര്‍ഗീയതക്കും എതിരായ പോരാട്ടമാണ് ഇടതുപക്ഷത്തിന്റേത്. പ്രകടന പത്രിക പോലും ഇറക്കാതെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ബിജെപിക്ക് രഹസ്യ അജന്‍ഡയുണ്ട്. അത് ഫാസിസ്റ്റ്, ഹിന്ദുത്വ അജന്‍ഡയാണ്. ആര്‍എസ്എസിന്റെ അജന്‍ഡയാണ് അവര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സര്‍വേകള്‍ എല്ലാം പണംകൊടുത്തുണ്ടാക്കുന്നവയാണ്. ഡല്‍ഹി നിമസഭാതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടി അധികാരത്തിലെത്തുമെന്ന് ഒരു സര്‍വേയും പ്രവചിച്ചില്ല- യെച്ചൂരി പറഞ്ഞു.