ആവേശത്തേരിലേറി എം കെ രാഘവന്റെ പ്രചാരണം

Posted on: April 5, 2014 1:06 pm | Last updated: April 5, 2014 at 12:33 pm

കോഴിക്കോട്: നാട്യങ്ങളില്ല, വീമ്പുപറച്ചിലില്ല. നിങ്ങളില്‍ ഒരാളായ വികസന നായകന് ഒരുവോട്ട്. കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവന്റെ പര്യടന യോഗങ്ങളിലെല്ലാം കേള്‍ക്കുന്നത് ഇതാണ്. യു ഡി എഫ് നേതാക്കള്‍ ഓരോരുത്തരും പൊതുയോഗങ്ങളില്‍ സ്ഥാനാര്‍ഥിയുടെ എളിമയെ പുകഴ്ത്തുന്നു. വ്യക്തി കേന്ദ്രീകൃതമായ പ്രചാരണമാണ് യു ഡി എഫ് നടത്തുന്നത്. യു ഡി എഫ് ഘടകക്ഷികള്‍ ഒറ്റക്കെട്ടായി സ്വീകരണ വേദികളില്‍ രാഘവനെ പ്രശംസകൊണ്ട് പൊതിയുന്നു. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ അഞ്ച് വര്‍ഷം മുമ്പ് കണ്ണൂരില്‍ നിന്നെത്തി ഇടത്‌കോട്ട അട്ടിമറിച്ച രാഘവന്‍ അതേ ആവേശത്തോടെ പ്രചാരണ രംഗത്ത് നിറയുകയാണ്.
ഇന്നലെ എലത്തൂര്‍, കുന്ദമംഗലം മണ്ഡലത്തിലാണ് രാഘവന്‍ പര്യടനം നടത്തിയത്. രാവിലെ കുന്ദമംഗലം നിയോജക മണ്ഡലത്തിലെ കാരന്തൂരില്‍ നിന്ന് തുടങ്ങി കുന്ദമംഗലം, കൂഴക്കോട്, പുള്ളാവൂര്‍, വെള്ളലശ്ശേരി, പെരുവയല്‍, ആനക്കുഴിക്കര, വെള്ളിപറമ്പ്, പുത്തൂര്‍മഠം, പാറങ്ങളം, കൂടത്തുംപാറ, പൂളങ്കറ, തൊണ്ടിലക്കടവ് എന്നിവിടങ്ങളിലൂടെ കള്ളിക്കുന്നില്‍ സമാപിച്ചു. എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ വൈകീട്ട് എലത്തൂര്‍ ടൗണ്‍, എരഞ്ഞിക്കല്‍, പാവയില്‍, എടക്കര, മങ്ങലശ്ശേരിതാഴം, കണ്ണങ്കണ്ടിത്താഴം, നന്മണ്ട 13, രമല്ലൂര്‍, നടുവല്ലൂര്‍, കാക്കൂര്‍ ടൗണ്‍, മുതുവാട്ടുതാഴം, ചേളന്നൂര്‍- 7/6, തെക്കേടത്ത്താഴം, കരോത്ത്താഴം, മോരിക്കര, കിരാലൂര്‍, ഒണിപ്പറമ്പത്ത്താഴം, കുളമുള്ളതില്‍ താഴം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പറമ്പില്‍ ബസാറില്‍ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ യു ഡി എഫ് പ്രവര്‍ത്തകരും നേതാക്കളുമടക്കം നിരവധി പേരാണ് എത്തിയത്. എല്ലാവരോടും ചിരിച്ചും കൈകൊടുത്തും കടകളില്‍ കയറി വോട്ടു ചോദിച്ചും രാഘവന്‍ പ്രചാരണ രംഗത്ത് നിറയുന്നു. പി പി നൗഷീര്‍, സഹീര്‍ കുട്ടമ്പൂര്‍, പി ടി ഉമാനാഥന്‍, ജി എം സക്കറിയ തുടങ്ങിയ നേതാക്കള്‍ വിവിധ സ്വീകരണ കേന്ദ്രത്തില്‍ പ്രസംഗിച്ചു.