Connect with us

Palakkad

റോഡ് നന്നാക്കില്ലെങ്കില്‍ വോട്ടില്ലെന്ന് കോളനിവാസികള്‍

Published

|

Last Updated

പട്ടാമ്പി: റോഡ് നന്നാക്കിയില്ലെങ്കില്‍ ഇത്തവണ വോട്ടിനില്ലെന്ന് വിളയൂര്‍ നെച്ചിക്കാട്ടുതൊടി കോളനി വാസികള്‍. വിളയൂര്‍ പഞ്ചായത്തിലെ നെച്ചിക്കാട്ടുതൊടി കോളനിയിലേക്ക് റോഡ് നിര്‍മിച്ചിട്ട് 30 വര്‍ഷത്തോളമായി. റോഡ് ഉണ്ടെങ്കിലും ഇത് വഴി വാഹനങ്ങള്‍ വരുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് നിറയെ കല്ലും മെറ്റലും നിറഞ്ഞു കിടക്കുന്നതിനാലാണ് വാഹനങ്ങള്‍ക്ക് വരാന്‍കഴിയാത്തത്. 200ഓളം കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്.
ആശുപത്രി കേസുകളുണ്ടാകുമ്പോഴാണ് നാട്ടുകാര്‍ കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. വിദ്യാര്‍ഥികളുടെ കാര്യവും കഷ്ടമാണ്. കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ സ്‌കൂള്‍ വാഹനങ്ങളും കോളനിയിലേക്ക് വരില്ല. മെയിന്‍ റോഡ് വരെയെത്തുന്ന സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കയറ്റുന്നതിനായി അമ്മമാര്‍ക്ക് ഏറെ ദൂരം നടക്കേണ്ടിവരുന്നു. ഇരുചക്രവാഹനങ്ങള്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത വിധം റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും നന്നാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
പഞ്ചായത്തിലെ ഇതര റോഡുകളെല്ലാം ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയെങ്കിലും നെച്ചിക്കാട്ടുതൊടി കോളനിവാസികള്‍ അവഗണനനയില്‍ തുടരുകയാണ്. അത് കൊണ്ട് തന്നെ റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ ഇത്തവണ വോട്ട് ചെയ്യാനില്ലെന്ന് കോളനിവാസികള്‍ പറയുന്നു.
വടക്കഞ്ചേരി: പൊന്‍കണ്ടം- കടപ്പാറ റോഡിന്റെ ടാറിംഗ് പണികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കടപ്പാറ ലോക്്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നീക്കം. കടപ്പാറ, പൊന്‍കണ്ടം ബൂത്തുകളിലെ വോട്ടര്‍മാരാണ് വോട്ട് ബഹിഷ്‌കരിക്കുന്നതു സംബന്ധിച്ച് ആലോചിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ആറര കിലോമീറ്റര്‍ വരുന്ന പൊന്‍കണ്ടം- കടപ്പാറ റോഡിന്റെ നവീകരണപ്രവൃത്തികള്‍ തുടങ്ങിയത്.
പാര്‍ലമെന്റിന്റെ കാലാവധി കഴിഞ്ഞ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തിനില്‍ക്കുമ്പോഴും ഇവിടത്തെ റോഡ് പണി കഴിഞ്ഞിട്ടില്ല. ഒരു പതിറ്റാണ്ടിലേറെയായി യാത്രാക്ലേശത്തിന്റെ ദുരിതത്തിലാണ് കടപ്പാറ മേഖലയിലെ ആയിരത്തോളം കുടുംബങ്ങള്‍. മെറ്റല്‍ കിട്ടാനില്ലെന്നു പറഞ്ഞ് വീണ്ടും ടാറിംഗ് നീട്ടിക്കൊണ്ടുപോകുന്നത് ന്യായീകരിക്കാനാകില്ല.
ഹൈവേക്കുള്ള മെറ്റല്‍ അതേ സ്ഥല്ത്തുനിന്നും കൊണ്ടുപോകുകയും എന്നാല്‍ പൊന്‍കണ്ടം -കടപ്പാറ റോഡിനെ അവഗണിക്കുകയും ചെയ്യുന്ന പഞ്ചായത്ത് അധികൃതരുടെ നിലപാട് ജനദ്രോഹമാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. റോഡുപണി ഉടനേ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും നിവേദനം നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Latest