അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Posted on: April 2, 2014 12:00 am | Last updated: April 2, 2014 at 12:00 am

peedhana  prathi  j santhoshകണ്ണൂര്‍: അമ്മയോടൊപ്പം കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന അഞ്ച് വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ കണ്ണൂര്‍ ശ്രീനാരായണ പാര്‍ക്ക് റോഡിലെ പി വി എസ് ബാറിനു സമീപമായിരുന്നു സംഭവം.
നെയ്യാറ്റിന്‍കര സ്വദേശിയും ആയിക്കരയിലെ മത്സ്യത്തൊഴിലാളിയുമായ സന്തോഷ് (34) ആണ് അറസ്റ്റിലായത്. തമിഴ് നാടോടി സ്ത്രീയുടെ മകളെയാണ് പീഡിപ്പിച്ചത്. ഇവര്‍ക്ക് മൂന്ന് ദിവസം പ്രായമായ ഒരു കുഞ്ഞും രണ്ട് വയസ്സ് പ്രായമായ മറ്റൊരു കുഞ്ഞുമുണ്ട്.
കുഞ്ഞ് കരഞ്ഞതിനേത്തുടര്‍ന്ന് ഉറക്കമുണര്‍ന്നപ്പോള്‍ കൂടെക്കിടന്ന് ഉറങ്ങിയിരുന്ന മകളെ കണ്ടില്ല. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന വാച്ച്മാനടക്കം അന്വേഷിച്ചപ്പോള്‍ കെട്ടിടത്തിനു പിന്നിലെ കുറ്റിക്കാട്ടില്‍ വെച്ച് യുവാവ് കുട്ടിയെ പീഡിപ്പിക്കുന്നതു കാണുകയായിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഓട്ടോ ഡ്രൈവര്‍മാരും പോലീസും ചേര്‍ന്നു പിടികൂടി. കുട്ടിയെ പിന്നീട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്കു വിധേയയാക്കി. ജനനേന്ദ്രിയത്തിനു ക്ഷതമേറ്റതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിനു പ്രതിയുടെ പേരില്‍ നേരത്തെ കേസുള്ളതായി പോലീസ് പറഞ്ഞു. പാട്ട പെറുക്കി ജീവിക്കുന്ന നാടോടികള്‍ തമിഴ്‌നാട് തിരുവാലൂര്‍ സ്വദേശികളാണ്. മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ കണ്ണൂരിലെത്തിയത്. കുട്ടിയുടെ പിതാവ് കണ്ണൂര്‍ ജയിലിലാണ്. കുട്ടിയുടെ മാതാവിനൊപ്പം മാതൃസഹോദരിയും അവരുടെ കുട്ടികളുമുണ്ട്. മാതൃ സഹോദരിയുടെ ഭര്‍ത്താവും ജയിലിലാണ്.