ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോര്‍ഡ് ഇ അഹമ്മദിന്

Posted on: March 14, 2014 8:28 am | Last updated: March 15, 2014 at 12:00 am
SHARE

E ahammed

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോര്‍ഡ് വിദേശകാര്യ സഹമന്ത്രിയും മുസ്ലിംലീഗ് മലപ്പുറം മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ ഇ അഹമ്മദിന് സ്വന്തം. 3577 ദിവസം കേന്ദ്രമന്ത്രിയായിരുന്ന എ എം തോമസിനായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. ഇ അഹമ്മദ് ഇന്ന് 3577 ദിവസം പിന്നിടുകയാണ്. നെഹ്‌റുവിന്റെ അവസാന രണ്ട് മന്ത്രിസഭകളിലും ഗുല്‍സാരിലാല്‍ നന്ദയുടെ രണ്ട് ഇടക്കാല മന്ത്രിസഭകളിലും ലാല്‍ ബഹദൂര്‍ ശാസ്ത്രി മന്ത്രിസഭകളിലും ഇന്ദിരാ ഗാന്ധിയുടെ ആദ്യ മന്ത്രിസഭയിലും എ എം തോമസ് അംഗമായിരുന്നു.

ഒന്നാം യു പി എ മന്ത്രിസഭയില്‍ 2004 മെയ് 22ന് സത്യപ്രതിജ്ഞ ചെയ്ത അഹമ്മദ് 2009 മെയ് 22വരെ വിദേശകാര്യ സഹമന്ത്രിയായിരുന്നു. ആറുദിവസത്തെ ഇടവേളക്ക് ശേഷം 2009 മെയ് 28ന് വീണ്ടും സഹമന്ത്രിയായി അധികാരമേറ്റു. ആദ്യം റെയില്‍വേ സഹമന്ത്രിയായിരുന്ന അദ്ദേഹത്തിന് പിന്നീട് വിദേശകാര്യ വകുപ്പ് നല്‍കുകയായിരുന്നു. അഹമ്മദിനും എ എം തോമസിനും ശേഷം ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായ മലയാളി എ കെ ആന്റണിയാണ്.