ആശങ്കയകറ്റാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്: കാന്തപുരം

Posted on: March 4, 2014 11:30 pm | Last updated: March 4, 2014 at 11:30 pm
SHARE

ap usthad kanthapuramകോഴിക്കോട്: കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്കയകറ്റാന്‍ ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ടെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളിലെ ജനദ്രോഹ നടപടികള്‍ പിന്‍വലിച്ച് ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതി കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയര്‍പ്പിച്ച് സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ പ്രദേശവാസികളുടെ അഭിപ്രായമനുസരിച്ചുള്ള തീരുമാനമെടുക്കുന്ന കാര്യം കേന്ദ്രവും കേരളവും വൈകിപ്പിക്കുന്നത് നീതീകരിക്കാനാകില്ല. ജനവാസ മേഖലയില്‍ നിന്നുയരുന്ന അഭിപ്രായങ്ങള്‍ ബന്ധപ്പെട്ടവര്‍ പരിഗണിച്ച് ന്യായമായ പരിഹാരം കാണണം. മലയോര മേഖലയിലെ കര്‍ഷകരുള്‍പ്പെടെയുള്ളവരുടെ ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തിന് പ്രസ്ഥാനത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും കാന്തപുരം പറഞ്ഞു.
മാനന്തവാടി ബിഷപ്പ് ജേക്കബ് പൊറുന്നേടം, താമരശ്ശേരി രൂപതാ വക്താവ് എബ്രഹാം കാവില്‍പുരയിടം, പശ്ചിമഘട്ട സംരക്ഷണ സമിതി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് കാന്തപുരത്തെ സ്വീകരിച്ചു.