മലപ്പുറം വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ കൈവരിച്ചത് കോപ്പിയടിച്ചല്ല: ഉമ്മന്‍ ചാണ്ടി

Posted on: February 28, 2014 9:14 am | Last updated: February 28, 2014 at 9:14 am

oommen chandyഅരീക്കോട്: കോപ്പിയടിച്ചല്ല മലപ്പുറം ജില്ല വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ കൈവരിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിദ്യാഭ്യാസ മേഖലയില്‍ മലപ്പുറം കൈവരിച്ച നേട്ടം ചിലര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.
കോപ്പിയടിച്ചാണ് മലപ്പുറത്തെ കുട്ടികള്‍ വിജയിച്ചു വരുന്നതെന്ന് പറഞ്ഞ ഒരു നേതാവുണ്ടായിരുന്നുവെന്ന് പേരു പറയാതെ വി എസ് അച്യുതാനന്ദനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞു. പിന്നാക്ക ജില്ലയായി രൂപവത്കരിക്കപ്പെട്ട മലപ്പുറം ജില്ല ഒരു കാലത്ത് വിദ്യാഭ്യാസ മേഖലയിലും ഏറെ പിറകിലായിരുന്നു. ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തൊരുമിച്ച് നടത്തിയ പ്രവര്‍ത്തനഫലമാണ് മലപ്പുറത്തിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.
ഏറനാട് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘ഏറ്റം-ഏറനാടിന്‍ മുന്നേറ്റം’ സമഗ്ര വിദ്യാഭ്യാസ പരിപാടി അരീക്കോട് ഗവ. ഹയര്‍ സ്‌ക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് ഏറനാട്ടില്‍ നടക്കുന്നതെന്നും ഏറ്റം വിദ്യാഭ്യാസ പദ്ധതി നടപ്പിലാവുന്നതോടെ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മുന്നിലെത്തുന്ന മണ്ഡലമായി ഏറനാട് മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഏറനാട് മണ്ഡലത്തില്‍ ഏഴ് പഞ്ചായത്തുകളിലെ 91 സ്‌കൂളുകളിലാണ് ഏറ്റം പദ്ധതി നടപ്പിലാക്കുന്നത്. സന്തുലിതമായ അടിസ്ഥാന സൗകര്യ വികസനവും പഠന മിക മികവ് ഉറപ്പു വരുത്തുന്നതിനായി അക്കാദമിക് പ്രോജക്ടുകളുമാണ് പദ്ധതിയുടെ ഭാഗമായിനടപ്പിലാക്കുന്നത്. പഠനമാനസിക വൈകല്യങ്ങളുള്ള കുട്ടികളെ കണ്ടെത്തി പരിഹാര ബോധനത്തിന് സംസ്ഥാനത്ത് ആദ്യമായി ഐ പി ഇ ആര്‍ ടി യുമായി സഹകരിച്ച് ‘പുനര്‍ജനി’ പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്ന പതിനഞ്ച് കോടി രൂപ സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെ കണ്ടെത്തുമെന്ന് പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിച്ചു. എം ഐ ഷാനവാസ് എം പി മുഖ്യാധിതിയായിരുന്നു.
കലക്ടര്‍ കെ ബിജു പദ്ധതികളുടെ സമര്‍പ്പണം നടത്തി. കാലിക്കറ്റ് വി സി ഡോ. എം അബ്ദുസലാം മുഖ്യപ്രഭാഷണം നടത്തി. ബി പി ഒ. ടി ടി റോയ് തോമസ് സമഗ്രവിദ്യാഭ്യാസ പദ്ധതി വിശദീകരിച്ചു.
പുനര്‍ജനി വിശദീകരണം ഐ പി ഇ ആര്‍ ടി ചെയര്‍മാന്‍ ഡോ. പി പി സുരേഷ്‌കുമാര്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ സി സുബ്രഹ്മണ്യന്‍ പ്രസംഗിച്ചു. സ്‌കൂളിന് സ്ഥലം വിട്ടുനല്‍കിയ കാന്തക്കര പുല്ലൂര്‍മണ്ണ കുടുംബത്തിലെ ചെറിയ നാരായണന്‍ നമ്പൂതിരി, വിരമിയ്ക്കുന്ന അധ്യാപകന്‍ സി സഹൂദ് എന്നിവരെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.