Connect with us

Gulf

ടെറി ഫോക്‌സ് മാരത്തണില്‍ 20,000 പേര്‍ പങ്കെടുത്തു

Published

|

Last Updated

അബുദാബി: തലസ്ഥാനത്ത് ഇന്നലെ നടന്ന ടെറി ഫോക്‌സ് മാരത്തണില്‍ 20,000ല്‍ അധികം പേര്‍ പങ്കെടുത്തു. കൂട്ടയോട്ടത്തിന്റെ 19ാം എഡിഷനായിരുന്നു ഇന്നലെ നടന്നത്. അര്‍ബുദ ഗവേഷണത്തിനായി പരിപാടിയുടെ ഭാഗമായി 3,87,000 ദിര്‍ഹം പിരിച്ചെടുക്കുകയും ചെയ്തു. എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായിരുന്നു കൂട്ടയോട്ടം.
യു എ ഇ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ നടന്നുവരുന്ന അര്‍ബുദവുമായി ബന്ധപ്പെട്ട നാലു ഗവേഷണങ്ങള്‍ക്കാണ് പണം വിനിയോഗിക്കുകയെന്ന് അബുദാബി ടെറി ഫോകസ് മാരത്തണ്‍ സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ നഫീസ താഹ പറഞ്ഞു.
കനേഡിയന്‍ മനുഷ്യസ്‌നേഹിയായ ടെറി ഫോക്‌സിന്റെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുന്നുണ്ട്. കാനഡക്കാരനായ ടെറി ഫോക്‌സിന്റെ വലതു കാല്‍ ക്യാന്‍സര്‍ ബാധിച്ച് മുറിച്ചു മാറ്റിയിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് കാനഡയില്‍ അര്‍ബുദ ഗവേഷണത്തിനായി പണം പിരിക്കാന്‍ ടെറിയുടെ നേതൃത്വത്തില്‍ 1980ല്‍ മാരത്തോണ്‍ ആരംഭിച്ചത്. 1981 അന്നനാളത്തെയും അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ടെറി ഫോക്‌സ് 22ാമത്തെ വയസില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ടെറിയുടെ പരിശ്രമങ്ങളായിരുന്നു ടെറി ഫോക്‌സ് ഫൗണ്ടേഷന്‍ സ്ഥാപിക്കാന്‍ പ്രേരണയായത്. ഇന്നലെ രാവിലെ 10നായിരുന്നു മാരത്തണ്‍ ആരംഭിച്ചത്. സാംസ്‌കാരികയുവജനകാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, യു എ ഇ പ്രസിഡന്റിന്റെ ഉപദേശകന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാന്‍ തുടങ്ങി ധാരാളം പേര്‍ കൂട്ടയോട്ടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

Latest