സ്മാര്‍ട്ട് ഗവണ്‍മെന്റിലേക്ക് ചുവടുവെച്ച് യു എ ഇ

Posted on: February 13, 2014 7:38 pm | Last updated: February 13, 2014 at 7:38 pm

ദുബൈ: സ്മാര്‍ട്ട് ഗവണ്‍മെന്റില്‍ ഉപഭോക്താവാണ് കേന്ദ്ര സ്ഥാനത്ത് വരുകയെന്ന് യു എ ഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അല്‍ ഗാനിം പറഞ്ഞു. ദുബൈ ഭരണകൂട ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അല്‍ ഗാനിം.
മൊബൈല്‍ ഫോണിലൂടെ സേവനങ്ങള്‍ അതിവേഗത്തിലും തടസമില്ലാതെയും ഉപഭോക്താവിന് അല്ലെങ്കില്‍ ഇടപാടുകാരന് ലഭിക്കുന്നുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കേണ്ടത്. ജനങ്ങളുടെ സംതൃപ്തി അനിവാര്യം. മൊബൈല്‍ ഫോണിലൂടെ സേവനങ്ങള്‍ വ്യാപകമാക്കാന്‍ കേന്ദ്ര ബേങ്ക്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ടെലികോം കമ്പനികള്‍ എന്നിവയുമായി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.
സുരക്ഷയാണ് മറ്റൊരു വെല്ലുവിളി. ഇക്കാര്യം മൊബൈല്‍ ആപ്‌സ് വികസിപ്പിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം ഗാനിം പറഞ്ഞു.
സ്മാര്‍ട്ട് ഗവണ്‍മെന്റ് പൂര്‍ണ യാഥാര്‍ഥ്യമാകാന്‍ പത്തു വര്‍ഷമായി യു എ ഇ തീവ്രശ്രമത്തിലാണ്ന്ന് അബുദാബി സിസ്റ്റംസ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ജനറല്‍ റാശിദ് ലാഹിങ്ങ് അല്‍ മന്‍സൂരി പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ കമ്പ്യൂട്ടറുകള്‍ പോലും വേണ്ടന്നാകും. ഭരണകൂട നടപടികള്‍ക്കു അനുസൃതമായി എല്ലാവരും സാങ്കേതിക ജ്ഞാനം കൈവരിക്കണമെന്നും മന്‍സൂരി പറഞ്ഞു.